സെന്‍കോ ഗോള്‍ഡ് 114 രൂപ പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു

317 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി വ്യാപാരം ആരംഭിച്ചത് 431 രൂപയില്‍

Update:2023-07-14 14:33 IST

Image : Canva

രാജ്യത്തെ സംഘടിത ജുവലറി മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ സെന്‍കോ ഗോള്‍ഡ് ലിമിറ്റഡ് (Senco Gold) ഇന്ന് 36 ശതമാനം(114 രൂപ) പ്രീമിയത്തോടെ  വിപണിയില്‍ ലിസ്റ്റ് ചെയ്തു. കല്യാണ്‍ ജുവലറിക്കു (Kalyan Jewellers ) ശേഷം ജുവലറി മേഖലയില്‍ നിന്നും ലിസ്റ്റ് ചെയ്യുന്ന ആദ്യ കമ്പനിയാണ് സെന്‍കോ ഗോള്‍ഡ്. 2021ലായിരുന്നു കല്യണ്‍ ജുവലറി ഐ.പി.ഒ.

ഇഷ്യു വില 317 രൂപയായിരുന്ന ഓഹരി 431 രൂപയിലാണ് ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. ലിസ്റ്റിംഗിനു ശേഷം  444 രൂപ വരെ ഉയര്‍ന്ന ഓഹരി പിന്നീട് താഴ്ന്നു. 414.70 രൂപയിലാണ് നിലവില്‍(ഉച്ചയ്ക്ക് 1.30ന്) വ്യാപാരം പുരോഗമിക്കുന്നത്.

ജൂലൈ നാല് മുതല്‍ ആറ് വരെയായിരുന്നു സെന്‍കോ ഗോള്‍ഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (Initial Public Offer /IPO). ഗ്രേ മാര്‍ക്കറ്റില്‍ 41 ശതമാനം പ്രീമിയത്തോടെയാണ് ഓഹരി വ്യാപാരം ചെയ്തിരുന്നത്. ബി.എസ്.ഇയില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് 3,347 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

മികച്ച നിക്ഷേപ പ്രതികരണം

നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയ ഐ.പി.ഒ 73 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 405 കോടി രൂപയാണ് പബ്ലിക് ഇഷ്യുവഴി സമാഹരിച്ചത്.

ഐ.പി.ഒയുടെ 50% നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (Qualified Institutional Bidders/QIBs) 15% സ്ഥാപന-ഇതര നിക്ഷേപകര്‍ക്കും (Non-Institutional Bidders /NIIs) 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്തിരുന്നു. നിക്ഷേപക സ്ഥാപനങ്ങള്‍ 181 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ 65 മടങ്ങും ചില്ലറ നിക്ഷേപകര്‍ 15.5 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.

സെന്‍കോ ഗോള്‍ഡ്

 1994 ല്‍ തുടങ്ങിയ സെന്‍കോ ഗോള്‍ഡ്. 13 സംസ്ഥാനങ്ങളിലെ 96 നഗരങ്ങളിലാണ് 136 ഷോറൂമുകളാണ് കമ്പനിക്കുള്ളത്. സെന്‍കോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്ന ബ്രാന്‍ഡില്‍ സ്വര്‍ണ-ഡയമണ്ട് ആഭരണങ്ങള്‍ കമ്പനി വിറ്റഴിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 196 കോടി രൂപ പ്രവര്‍ത്തന മൂലധനമായും ബാക്കി തുക കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായുമാകും കമ്പനി വിനിയോഗിക്കുക.

Tags:    

Similar News