അനുമതി കിട്ടുന്നില്ല, സിനിമയും പോകുന്നു തെലങ്കാനയിലേക്ക്!

ചലച്ചിത്ര ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് ഇതര സംസ്ഥാനങ്ങളിലേക്ക്

Update: 2021-07-15 09:36 GMT

ചലച്ചിത്ര ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പുതിയ ചിത്രങ്ങളുടെ ഷൂ്ട്ടിംഗ് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നു. മോഹന്‍ലാല്‍ നായകനായ പ്രൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തെലങ്കാനയില്‍ ഷൂട്ട് ചെയ്തു തുടങ്ങി. കേരളത്തിലെ സാഹചര്യം അനുകൂലമായില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങളുടെ ഷൂട്ടിംഗ് അയല്‍ സ്ംസ്ഥാനങ്ങളിലേക്ക് പോകുമെന്ന സൂചനാണ് ലഭിക്കുന്നത്.

കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.

നിര്‍മാണ മേഖലയെന്ന പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉല്‍പ്പാദന മേഖലയെയും എന്ന് ചൂണ്ടിക്കാട്ടുന്നു ചലച്ചിത്ര സംവിധായകയായ വിധു വിന്‍സെന്റ്. ആയിരക്കണക്കിന് പേര്‍ ഉപജീവനം നടത്തുന്ന മേഖലയാണിത്. വിനോദനികുതി അടക്കം വന്‍തുക സര്‍ക്കാരിന് ഈ മേഖല സംഭാവന ചെയ്യുന്നു. പക്ഷേ സിനിമാക്കാര്‍ സമ്പന്നരായതിനാല്‍ ഈ മേഖല വൈകി തുറന്നാലും പ്രശ്‌നമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാം നിരയില്‍ പെട്ട വിരലിലെണ്ണാവുന്ന നടീ നടന്മാര്‍ ഒഴികെ സിനിമാ മേഖലയിലുള്ളവരെല്ലാം തന്നെ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിദിനം 600 രൂപയും മൂന്നു നേരത്തെ ഭക്ഷണവുമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരുടെ വേതനം. സിനിമയെ ആശ്രയിച്ച് പതിനായിരക്കണക്കിനാളുകള്‍ ഉപജീവനം കഴിച്ചിരുന്നു. പക്ഷേ സിനിമാ ഷൂട്ടിംഗ് പൂര്‍ണമായും നിര്‍ത്തിയതോടെ ഇവരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിധു വിന്‍സെന്റ് ചൂണ്ടിക്കാട്ടുന്നു. അതിനിടെ അയല്‍ സംസ്ഥാനങ്ങള്‍ സിനിമാ ഷൂട്ടിംഗ് പുനഃരാരംഭിക്കാന്‍ നടപടി സ്വീകരിച്ചു. ഇതോടെ പല സൂപ്പര്‍താര ചിത്രങ്ങളും കേരളത്തിലെ ഷൂട്ടിംഗിന് പായ്ക്കപ്പ് പറഞ്ഞ് അയല്‍സംസ്ഥാനങ്ങളിലേക്ക് പോയി. അതായത് ഇവിടെ ഷൂട്ടിംഗ് സെറ്റുകളില്‍ ജോലി ചെയ്തിരുന്ന കാറ്ററിംഗ്, ടാക്‌സി ഡ്രൈവര്‍മാര്‍, ലൈറ്റ് ബോയ്, മേയ്ക്കപ്പ് സഹായികള്‍ തുടങ്ങി നിരവധി മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലിക്കുള്ള അവസരം നഷ്ടമായി. ലൊക്കേഷന്‍ മാറ്റുന്നതുകൊണ്ട് സിനിമാ നിര്‍മാതാക്കള്‍ക്കുള്ള സാമ്പത്തിക നഷ്ടം വേറെയും. മിനിമം 50 പേരെ വെച്ചെങ്കിലും ഷൂട്ടിംഗ് ജോലികള്‍ പുനഃരാരംഭിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.


Tags:    

Similar News