സംസ്ഥാന സാമ്പത്തിക സര്‍വേ: കേരളത്തില്‍ 2022-23ല്‍ ആരംഭിച്ചത് 1.39 ലക്ഷം എം.എസ്.എം.ഇകള്‍
എം.എസ്.എം.ഇകളുടെ എണ്ണത്തില്‍ മുന്നില്‍ തിരുവനന്തപുരം
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,39,840 പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) ആരംഭിച്ചതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 8,421 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 449 ശതമാനം വര്‍ധനയുണ്ടായി.പുതിയ എം.എസ്.എം.ഇകള്‍ എത്തയതോടെ 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. തൊഴിലവസരങ്ങളുടെ കാര്യത്തില്‍ 244 ശതമാനമാണ് വര്‍ധന.
ജില്ലകളിൽ മുന്നില്‍ തിരുവനന്തപുരം
ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 14,434 എം.എസ്.എം.ഇകളാണ് തിരുവനന്തപുരത്ത് തുടങ്ങിയത്. 840.89 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചത്. ജില്ലയില്‍ 29,878 തൊഴിലവസരങ്ങള്‍ എം.എസ്.എം.ഇകള്‍ ഈ കാലയളവില്‍ സൃഷ്ടിച്ചു.
പിന്നാലെ 14,128 എം.എസ്.എം.ഇകളുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. 1,172 കോടി രൂപയായിരുന്നു നിക്ഷേപം. 33,765 തൊഴിലവസരങ്ങള്‍ എം.എസ്.എം.ഇകള്‍ എറണാകുളം ജില്ലയില്‍ സൃഷ്ടിച്ചു. 29,536 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 14,123 എം.എസ്.എം.ഇകളുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുണ്ട്. 752.42 കോടി രൂപയാണ് നിക്ഷേപിച്ചത്. 236.58 കോടി രൂപയുടെ നിക്ഷേപത്തോടെ 3,950 എം.എസ്.എം.ഇകളോടെ വയനാട് ജില്ലയാണ് ഏറ്റവും പിന്നിലുള്ളത്. 8,234 തൊഴിലവസരങ്ങളാണ് ഇവിടെ സൃഷ്ടിച്ചത്.