ഇഇഎസ്എല്ലിന്റെ 100 മെഗാവാട്ട് സൗരോര്‍ജ പദ്ധതി കരാര്‍ ടാറ്റാ പവര്‍ സോളാറിന്

538 കോടി രൂപയുടേതാണ് പദ്ധതി. സൗരോര്‍ജ്ജ നിര്‍മാണ മേഖലയിലെ രാജ്യത്തെ പ്രധാന കമ്പനിയായി മാറുകയാണ് ടാറ്റ പവര്‍ സോളാര്‍.

Update: 2021-10-12 11:04 GMT

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇഇഎസ്എല്ലിന്റെ (Energy Efficiency Services Limited) 100 മെഗാവാട്ട് സൗരോര്‍ജ പദ്ധതി ടാറ്റാ പവര്‍ സോളാറിന് ലഭിച്ചു. 538 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതലയാണ് ടാറ്റ സ്വന്തമാക്കിയത്. 12 മാസമാണ് പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധി. മഹാരാഷ്ട്രയിലാണ് ഇഇഎസ്എല്ലിന്റെ പുതിയ സൗരോര്‍ജ്ജ പദ്ധതി വരുന്നത്.

പുതിയ കരാര്‍ കൂടി സ്വന്തമാക്കിയതോടെ ആകെ 4 ജിഗാവാട്ടിന്റെ പദ്ധതികളാണ് ടാറ്റ പവറിന്റെ കീഴില്‍ രാജ്യത്ത് നിര്‍മിക്കുന്നത്. ഏകദേശം 9,264 കോടി രൂപയുടെ പദ്ധതികളാണിവ. ഗുജറാത്തിലെ ദോലേരാ സോളാര്‍ പാര്‍ക്കിലെ 400 മെഗാവാട്ടിന്റെ പദ്ധതി നിര്‍മാണ ചുമതലയും ടാറ്റയ്ക്കാണ്.
സൗരോര്‍ജ്ജ നിര്‍മാണ മേഖലയിലെ രാജ്യത്തെ പ്രധാന കമ്പനിയായി മാറുകയാണ് ടാറ്റ പവര്‍ സോളാര്‍. കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന കായംകുളത്തെ 105 മെഗാവാട്ടിന്റെ ഫ്‌ലോട്ടിംഗ് സോളാര്‍, കാസര്‍കോട്ടെ 50 മെഗാവാട്ടിന്റെ പദ്ധതി തുടങ്ങിയവയുടെ നിര്‍മാണ ചുമതല ടാറ്റ പവര്‍ സോളാറിനായിരുന്നു.


Tags:    

Similar News