യു.എസ് വിപണിയിൽ തിരിച്ചടി; പ്രതീക്ഷക്കൊപ്പം എത്താതെ ടി.സി.എസിന്റെ പാദഫലം

യു.എസ് സാമ്പത്തിക പ്രതിസന്ധി മൂലം നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായി

Update: 2023-04-13 10:03 GMT

2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലം പ്രതീക്ഷക്കൊപ്പം എത്തിയില്ലെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. വടക്കേ അമേരിക്കന്‍ ബാങ്കിംഗ് മേഖലയിലെ ഐടി കമ്പനിയുടെ ചില ക്ലയന്റുകള്‍ യു.എസ് സാമ്പത്തിക പ്രതിസന്ധി മൂലം പല പദ്ധതികളും നിര്‍ത്തി വയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തതിനാലാണ് നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായതെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലെ സ്ഥിതിഗതികള്‍ മൂലം ആദ്യം പ്രതീക്ഷിച്ചതിലും ദുര്‍ബലമാണ് ഈ പാദമെന്ന് ടി.സി.എസ് സി.ഇ.ഒ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. മാത്രമല്ല വടക്കേ അമേരിക്കന്‍ വിപണിയിലെ ഈ പ്രതിസന്ധിയിൽ  വരും പാദത്തിലും ഈ ദുര്‍ബലത തുടർന്നേക്കാമെന്ന് കമ്പനി പറയുന്നു. 

ലാഭവും വരുമാനവും

11,392 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനിയുടെ ലാഭം (Net Profit). മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,926 കോടി രൂപയായിരുന്നു. 14.8 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം 10,846 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.9 ശതമാനം ഉയര്‍ന്ന് 59,162 കോടി രൂപയുടെ വരുമാനം നേടി.

2022-23 സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 2,25,458 കോടി രൂപയും ലാഭം 42,147 കോടി രൂപയുമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 17.6 ശതമാനവും ലാഭം 10 ശതമാനവും ഉയര്‍ന്നു. ഓഹരിയൊന്നിന് 24 രൂപ എന്ന അന്തിമ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

കെ കൃതിവാസന്‍ ചുമതലയേല്‍ക്കും

അതേസമയം ടി.സി.എസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) കെ കൃതിവാസന്‍ ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന നിലവിലെ സിഇഒ രാജേഷ് ഗോപിനാഥന് പകരമായാണ് കൃതിവാസനെ നിയമിച്ചിരിക്കുന്നത്. ഇന്ന് 1.53 ശതമനം ഇടിഞ്ഞ് 3,192.00 രൂപയിലാണ് ടി.സി.എസ് ഓഹരികളുടെ വ്യാപാരം അവസാനിച്ചത്.

Tags:    

Similar News