അംബാനിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയിലെത്താന്‍ ടെസ്‌ല; ചര്‍ച്ച ടോപ് ഗിയറില്‍
ടെസ്‌ല പ്രതിനിധികള്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും, ജര്‍മനിയില്‍ റൈറ്റ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നു
രാജ്യത്ത് നിര്‍മാണ കേന്ദ്രം തുടങ്ങാന്‍ പ്രാദേശിക പങ്കാളികളുമായി കൈകോര്‍ക്കാന്‍ ശ്രമവുമായി അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് വര്‍ഷത്തിലധികമായ ശ്രമങ്ങള്‍
ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര സര്‍ക്കാരുമായി ടെസ്‌ല ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം അത് നടന്നില്ല. എന്നാല്‍ അടുത്തിടെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയിരുന്നു.
അതായത് കുറഞ്ഞത് 500 മില്യണ്‍ ഡോളറെങ്കിലും രാജ്യത്ത് നിക്ഷേപിക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചിത എണ്ണം ഇലക്ട്രിക് വാനങ്ങളുടെ ഇറക്കുമതി നികുതി നിരക്ക് കുറയ്ക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇ.വികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കും. ടെസ്‌ലയടക്കമുള്ള വിദേശ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഗുണകരമായ തീരുമാനമാണിത്. ഇതനുസരിച്ചാണ് നിര്‍മാണ കേന്ദ്രം തുറക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി ടെസ്‌ല മുന്നോട്ട് പോകുന്നത്.
2021ലാണ് 100 ശതമാനത്തില്‍ നിന്ന് കുത്തനെ കുറയ്ക്കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് വരാന്‍ താതപര്യമുണ്ടെന്ന് ടെസ്‌ല ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ല.