ഇത്തവണ കോണ്‍ട്രാക്ട് ജീവനക്കാരെ, വീണ്ടും മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടല്‍
ഏകദേശം 4,400 കോണ്‍ട്രാക്ട് ജീവനക്കാരെ ട്വിറ്റര്‍ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്
വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ട്വിറ്റര്‍ (Twitter). ഏകദേശം 4,400 കോണ്‍ട്രാക്ട് ജീവനക്കാരെ കമ്പനി പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. 5,500 കോണ്‍ട്രാക്ട് ജീവനക്കാരാണ് ട്വിറ്ററിലുള്ളത്. നേരത്തെ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിലെ 3,700ഓളം ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ചത്. ട്വിറ്റര്‍ പാപ്പരാവാനുള്ള സാധ്യത മസ്‌ക് ചൂണ്ടിക്കാട്ടിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ട്രാക്ട് ജീവനക്കാരുടെ എണ്ണവും ട്വിറ്റര്‍ കുറച്ചത്. പ്രതിദിനം 4 മില്യണ്‍ ഡോളറിലധികം നഷ്ടമാണ് ട്വിറ്റര്‍ നേരിടുന്നത്.
കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജി വെച്ചതും പരസ്യവരുമാനം കുറഞ്ഞതും ട്വിറ്ററിന് തിരിച്ചടിയായിട്ടുണ്ട്. എട്ട് ഡോളര്‍ ഈടാക്കി ബ്ലൂ സ്ബ്‌സ്‌ക്രിപ്ഷന്‍ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ട്വിറ്റര്‍ ഡീലിനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ സര്‍ക്കാരുകളില്‍ നിന്ന് മസ്‌ക് പണം സ്വീകരിച്ച കാര്യം അന്വേഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.