ഉജാല എന്ന ബ്രാൻഡും, 5000 രൂപ മൂലധനവുമായി 36 വർഷം മുൻപ് കേരളത്തിൽ പ്രവർത്തനമാരംഭിച്ച ജ്യോതി ലാബോറട്ടറീസിന് ഇന്ന് ഫാബ്രിക് കെയർ, ഡിഷ് വാഷ്, പെസ്റ്റിസൈഡ്ഡുകൾ, വ്യക്തി ശുചിത്വ ഉത്പന്നങ്ങൾ എന്നീ ശ്രേണികളിൽ ഉജാല, മാക്സോ, ഹെൻകോ, പ്രിൽ, മാർഗോ, നീം, ചെക്, മിസ്റ്റർ വൈറ്റ് തുടങ്ങിയ പത്തോളം ബ്രാൻഡുകളുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) 193 കോടി രൂപയുടെ അറ്റാദായവും, 1,769 കോടിയുടെ രൂപയുടെ വരുമാനവും നേടിയ കമ്പനി വരും വർഷങ്ങളിലും ഇന്ത്യയിലുള്ള അവരുടെ ബിസിനസ് കൂട്ടാനും, രാജ്യത്തിൻറെ എല്ലാ മുക്കിലും മൂലയിലും ഉത്പന്നങ്ങൾ എത്തിക്കാനും ലക്ഷ്യം വെക്കുന്നു.
കമ്പനിയുടെ പുതിയ എം ഡി ആയി 2020 ഏപ്രിൽ ഒന്നിന് ചുമതല ഏൽക്കുന്ന എം ആർ ജ്യോതി പറയുന്നു, “കമ്പനിയുടെ പ്രധാന ലക്ഷ്യം ബ്രാൻഡ് ബിൽഡിംഗ് തന്നെയാണ്. ഇന്ന് കസ്റ്റമേഴ്സിന് ഒരുപാട് ചോയിസുകൾ ഉണ്ട്, അത് കൊണ്ട് തന്നെ ഇന്നവേഷൻ ഞങ്ങളെ സംബന്ധിച്ച് ഒരു ദിനചര്യയാണ്. അത്തരം ഒരു അടിത്തറ ഉള്ളതു കൊണ്ടാണ്, ഞങ്ങളുടെ ഏതൊരു ബ്രാൻഡും മാർക്കറ്റ് ലീഡേഴ്‌സ് ആയി തുടരുന്നത്. ഇന്നവേഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഇന്ത്യയിൽ നിന്നുള്ള ബിസിനസ് വർധിപ്പിക്കുകയായിരിക്കും എന്റെ പ്രാരംഭ ലക്ഷ്യം.”
റിസർച്ച് ആൻഡ് ഇന്നവേഷൻ
നിരന്തരമായ കൺസ്യുമർ റിസർച്ച്, പ്രോഡക്റ്റ് റിസർച്ച് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന കമ്പനിയുടെ വിജയമന്ത്രം എന്നത് അവരുടെ ഓരോ ബ്രാൻഡിലും ഉള്ള മാർക്കറ്റ് ഡിഫറെൻസിയേഷൻ ആണ്.
"ഞങ്ങളുടെ എല്ലാ പ്രോഡക്ട്സിനും എന്തെങ്കിലും ഒരു വ്യത്യസ്തത ഉണ്ടാവും. അതുകൊണ്ടു കൂടിയാണ് ഞങ്ങളുടെ ഉത്പ്പന്നങ്ങൾക്കു നല്ല രീതിയിൽ മാർക്കറ്റ് ഷെയർ ലഭിച്ചിട്ടുള്ളത്. ആളുകൾ ഞങ്ങളുടെ പ്രോഡക്ട്സിനെ, അതിന്റെ ക്വളിറ്റിയെ ഇഷ്ടപ്പെടുന്നു. കമ്പനിക്കു നല്ല ഡാറ്റ മെയിന്റെയിനിങ് സിസ്റ്റം വേണം, അത് മുഖാന്തരം മാത്രമേ നല്ല റിസർച്ചും, പ്രായോഗിക തലത്തിൽ ഉള്ള ചിന്തയും ഉണരുകയുള്ളു. ഇനിയും റിസർച് ആൻഡ് ഇന്നവേഷൻ മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കും.”
വിൽപ്പനയും വിതരണവും
നൂതനവിദ്യയിലേക്കും നിരന്തരമായ ഗവേഷണത്തിലേക്കും വികസനത്തിലേക്കും മെച്ചപ്പെട്ട ശ്രദ്ധയോടെ ബ്രാന്ഡുകൾ ശക്തിപ്പെടുത്താനും കൂടാതെ, കമ്പനിയുടെ വിൽപ്പനയും വിതരണവും ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ജ്യോതി പറഞ്ഞു.
"വില്പന കൂടിയാലേ ഏതൊരു കമ്പനിയുടെയും വരുമാനം വർധിക്കു. ഞങ്ങൾക്ക് നല്ലൊരു സെയിൽസ് ടീം ഉണ്ട്. മറ്റൊരു പ്രധാന ലക്ഷ്യം ഞങ്ങളുടെ എല്ലാ പ്രോഡക്ടസും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നത് ഉറപ്പു വരുത്തുകയാണ്. അതിനായി ഒരു സെയിൽസ് സിസ്റ്റം ഡെവലപ്പ് ചെയ്യും. നിലവിൽ ഉള്ളതിനേക്കാൾ ബലവത്തായ ഒന്ന്. എല്ലാ ഡിസ്ട്രിബ്യുട്ടർമാരെയും, സെയിൽസ് സ്റ്റാഫിനേയും ടെക്നോളജിയുടെ കീഴിൽ കൊണ്ട് വരണം. പരസ്പരം കണക്ട് ആയി നിന്ന് കൊണ്ട് വർക്ക് ചെയ്താൽ ഇരട്ടി പ്രയോജനം അവർക്കും അതോടൊപ്പം കമ്പനിക്കും ലഭിക്കും. ഞങ്ങൾ പരസ്പരം കണക്ടഡ് ആണ്, എന്നാൽ എല്ലാ ഡിസ്ട്രിബ്യുട്ടർമാരെയും ആ കുടക്കീഴിൽ കൊണ്ടുവരുക എന്നതും ഒരു പരമ പ്രധാന ലക്ഷ്യം തന്നെ," ജ്യോതി പറഞ്ഞു.
ഉൽപ്പന്നങ്ങളും വിപണിയും
"കഴിഞ്ഞ വർഷമാണ് പ്രിൽ ടാമറിൻഡ് ഞങ്ങൾ ഇറക്കിയത്, മാർഗോ നീം ഗ്ലിസറിൻ സോപ്പിന്റെ ഹൈലൈറ് തന്നെ ആയിരം ആരുവേപ്പു ഇലകളുടെ ഗുണങ്ങൾ ഉൾകൊള്ളുന്ന ഒരു നല്ല സോപ്പ്. നീം ഗ്ലിസറിൻ സോപ്പ് നിലവിൽ വെസ്റ്റ് ബംഗാൾ വിപണിയിൽ ആണ് ഉള്ളത്. കേരളത്തിലും അത് ഉടനെ ലോഞ്ച് ചെയ്യും. അതെ പോലെ ഞങ്ങൾക്ക് ഹെൻകോ മാറ്റിക് ഉണ്ട്, ഹെൻകോ സ്റ്റെയിൻ കെയർ. അത് രണ്ടും രണ്ടു സെഗ്മെന്റ് ആണ്. നല്ല റീന്യൂഡ് പ്രോഡക്റ്റ്സ് ആണ്, ഭംഗിയുള്ള പാക്കേജിങ് ഒക്കെ അതിനു കൂടുതൽ ആകർഷണം നൽകുന്നു."
ഓരോ വർഷവും പുതിയ ബ്രാൻഡുകളോ നിലവിലുള്ള വ്യതിയാനങ്ങളോ രണ്ടു ഉൽപ്പന്നങ്ങളായി അവതരിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. നല്ല ബ്രാന്ഡുകളുടെ ഏറ്റെടുക്കലിനും കമ്പനി തയ്യാറാണെന്ന് ജ്യോതി കൂട്ടിച്ചേർത്തു.
എക്സ്പോർട്ട് ബാസ്കറ്റ്
24 ഉത്പ്പന്ന പ്ലാന്റുകൾ ഇന്ത്യയിലും, ഒരെണ്ണം ബംഗ്ലാദേശിലെ ധാക്കയിലും നടത്തിവരുന്ന കമ്പനി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സിങ്കപ്പൂർ, മലേഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുമുണ്ട്. “ആകെ ബിസിനസിന്റെ ഏതാണ്ട് 3 ശതമാനം കയറ്റുമതിയിൽ നിന്നുമാണ് വരുന്നത്. ഇ- കൊമേഴ്സ് പരിമിതമായേ നിലവിൽ ഉള്ളു, എന്നാൽ ഓൺലൈൻ രംഗത്തേക്കും ആവശ്യാനുസരണം കമ്പനി ഇറങ്ങിച്ചെല്ലുക തന്നെ ചെയ്യും," ജ്യോതി കൂട്ടിച്ചേർത്തു.
"അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഞങ്ങളുടെ പ്രധാന ശ്രദ്ധ ഇന്ത്യൻ വിപണിയിൽ തന്നെ ആയിരിക്കും. അതിനു ശേഷം പടിഞ്ഞാറൻ ഏഷ്യ, വടക്കൻ ആഫ്രിക്ക, തെക്കു- കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യക്കാർ ഉള്ളിടത്തു ഉജാലയും മറ്റ് അനുബന്ധ ബ്രാൻഡുകളും എത്തിക്കുക കൂടിയാണ് എന്റെ ലക്ഷ്യം.”
നിലവിൽ 14 വർഷമായി ജ്യോതി കമ്പനിയുടെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്. വിപണന മേഖല, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ എന്നീ രംഗങ്ങളിലാണ് കൂടുതൽ വൈദഗ്ദ്യം. ഹെൻകൽ ഇന്ത്യയെ 2013 ഏറ്റെടുത്തതിന് ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചത് ജ്യോതിയായിരുന്നു.