കോള്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍

Update: 2019-12-02 07:21 GMT

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടെലികോം കമ്പനികളും മൊബീല്‍ പ്രീപെയ്ഡ് നിരക്കുകള്‍ കുത്തനെ കൂട്ടി. ഡിസംബര്‍ മുതല്‍ നിലവിലുള്ള നിരക്കില്‍ നിന്ന് 40 മുതല്‍ 50 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മുന്നു കമ്പനികളും വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ന് ശേഷം ഇതാദ്യമായാണ് നിരക്കില്‍ വര്‍ധന വരുത്തുന്നത്.

വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും വന്‍ നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജിയോ നിരക്ക് വര്‍ധനയ്ക്ക് തയാറായത്. വോഡഫോണ്‍ ഐഡിയയ്ക്ക് 31.1 കോടിയും ഭാരതി എയര്‍ടെല്ലിന് 28 കോടിയും വരിക്കാരാണുള്ളത്. രണ്ടു കമ്പനികളും പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമായാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് നിരക്ക് വര്‍ധന നിലവില്‍ വരും. അതേസമയം 35.5 കോടി വരിക്കാരുള്ള ജിയോ ഡിസംബര്‍ ആറു മുതലാണ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണ് വര്‍ധനയെന്നാണ് എയര്‍ടെല്‍ വൃത്തങ്ങള്‍ പറയുന്നത്. ജിയോ 40 ശതമാനം വരെയാണ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു കമ്പനികളേക്കാള്‍ 300 ശതമാനം അധികം മറ്റു നേട്ടങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്പാണിതെന്നും ടെലികോം നിരക്ക് പുനഃപരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി കൂടിയാലോചന നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ നിയന്ത്രണം കൊണ്ടു വരുന്നതിനായി ഫെയര്‍ യൂസേജ് പോളിസി (FUP) പ്രകാരം ഒരു പരിധി കഴിഞ്ഞാല്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളിന് മിനുട്ടിന് ആറു പൈസ നിരക്കില്‍ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News