വരുമാനത്തില്‍ 80 ശതമാനം വര്‍ധനവുമായി വിഗാര്‍ഡ്

ജൂണ്‍ പാദത്തിലെ സംയോജിത അറ്റാദായത്തില്‍ 109 ശതമാനം ഉയര്‍ച്ച

Update:2022-08-01 10:51 IST

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 1018.29 കോടി രൂപയുടെ സംയോജിത പ്രവര്‍ത്തന വരുമാനവുമായി ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (V-Guard Industries). മുന്‍ വര്‍ഷം ഇതേകാലയളവിലെ 565.18 കോടി രൂപയേക്കാള്‍ 80 ശതമാനം വര്‍ധനവാണിത്. ജൂണ്‍ പാദത്തില്‍ 53.37 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 25.54 കോടി രൂപയില്‍ നിന്നും 109 ശതമാനമാണ് വര്‍ധന.

എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളര്‍ച്ചയുണ്ടെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ജൂണില്‍ കോപ്പര്‍ വിലയിലുണ്ടായ ഗണ്യമായ വില വര്‍ധനവ് മാര്‍ജിനുകളെ ബാധിച്ചു. ഇതിന്റെ ആഘാതം രണ്ടാം പാദത്തിലേക്കും വ്യാപിച്ചേക്കാം. മറ്റു പ്രധാന ചരക്കുകളുടെ ചെലവുകള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഒഴിവാക്കാന്‍ ഇതു സഹായിച്ചു. അടുത്ത ഒന്നോ രണ്ടോ പാദങ്ങള്‍ക്കുള്ളില്‍ മൊത്ത മാര്‍ജിന്‍ സാധാരണ നില വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News