വാരിക്കോരി നിക്ഷേപവുമായി അദാനിയും അംബാനിയും ടാറ്റയും; ആദ്യദിനം തന്നെ ഹിറ്റായി വൈബ്രന്റ് ഗുജറാത്ത്

ഡച്ച്, സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയില്‍ 700 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു

Update:2024-01-10 18:45 IST

Image courtesy: CMO/Gujarat -fb

വന്‍കിട നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പത്താമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ച് പ്രമുഖ വ്യവസായികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകന്‍ മുകേഷ് അംബാനി, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുക്കി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യവസായികള്‍ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു.

വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്ന് ഇന്ത്യയായിരിക്കുമെന്ന് എല്ലാ പ്രമുഖ ഏജന്‍സികളും പറയുന്നുണ്ടെന്നും അത് ഉടന്‍ സംഭവിക്കുമെന്നത് തന്റെ ഉറപ്പാണെന്നും ഉച്ചകോടിയിലെ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കാര്‍ബണ്‍ ഫൈബര്‍ സൗകര്യവുമായി അംബാനി

ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ഫൈബര്‍ സൗകര്യം ഗുജറാത്തിലെ ഹാസിറയില്‍ റിലയന്‍സ് സ്ഥാപിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ വര്‍ഷം തന്നെ റിലയന്‍സ് ജാംനഗറില്‍ 5000 ഏക്കറില്‍ ഗ്രീന്‍ എനര്‍ജി ജിഗാ കോംപ്ലക്‌സ് സ്ഥാപിക്കുമെന്നും അംബാനി പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലുടനീളം കമ്പനി 150 ബില്യണ്‍ ഡോളറിലധികം (12 ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ടെന്നും അതിന്റെ മൂന്നിലൊന്നും ഗുജറാത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സെമികണ്ടക്ടര്‍ ചിപ്പുകളുമായി ടാറ്റ ഗ്രൂപ്പ്

ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്തില്‍ പുതിയ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റിന്റെ പദ്ധതികള്‍ ഗ്രൂപ്പ് അവതരിപ്പിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സെമികണ്ടക്ടര്‍ ചിപ്പുകള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കാനാണിത്. വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഗുജറാത്തിലെ സനന്ദില്‍ ഫാക്ടറി സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് നിക്ഷേപം നടക്കുക.

കൂടുതല്‍ നിക്ഷേപവുമായി അദാനി

ഗുജറാത്തില്‍ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. ഏകദേശം 1 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഗ്രീന്‍ എനര്‍ജി പാര്‍ക്ക് ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മരുഭൂമിയില്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി പാര്‍ക്കായിരിക്കും ഇത്. ഇതിനായി സോളാര്‍ മൊഡ്യൂളുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള മൂന്ന് ഗിഗാ ഫാക്ടറികള്‍ അദാനി ഗ്രൂപ്പ് നിര്‍മ്മിക്കും. കഴിഞ്ഞ ഉച്ചകോടിയില്‍ 55,000 കോടി രൂപ വാഗ്ദാനം ചെയ്തതില്‍ 50,000 കോടി ഇതിനകം ചെലവഴിച്ചതായി അദാനി അദാനി പറഞ്ഞു.

പുതിയ പ്ലാന്റുമായി സുസുക്കി

സുസുക്കിയുടെ ഇന്ത്യന്‍ വിഭാഗമായ മാരുതി സുസുക്കി ഗുജറാത്തില്‍ രണ്ടാം ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനായി 35,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുക്കി അറിയിച്ചു. 2030-31ഓടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 40 ലക്ഷം യൂണിറ്റായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഗുജറാത്തിലെ ഈ പുതിയ നിര്‍മാണ സൗകര്യം എത്തുന്നത്. 2028-29 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ സ്റ്റീല്‍ ഫാക്ടറിയുമായി മിത്തല്‍

ഗുജറാത്തിലെ ഹാസിറയില്‍ 2029ഓടെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഫാക്ടറി നിര്‍മ്മിക്കുമെന്ന് ആഴ്‌സലര്‍ മിത്തല്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ പറഞ്ഞു. പ്രതിവര്‍ഷം 24 ദശലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി പുതിയ ഫാക്ടറിക്കുണ്ടാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡേറ്റാ സെന്റര്‍

ഡച്ച്, സിംഗപ്പൂര്‍ കമ്പനികള്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 700 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, ഗ്ലോബല്‍ ടെക് സ്ഥാപനമായ എന്‍വിഡിയ അതിന്റെ പങ്കാളി സ്ഥാപനമായ യോട്ട 2024 മാര്‍ച്ചിന് മുമ്പ് ഗിഫ്റ്റ് സിറ്റിയില്‍ ഒരു 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡേറ്റാ സെന്റര്‍' ആരംഭിക്കുമെന്ന് അറിയിച്ചു.

അതേസമയം ഇലോണ്‍ മസ്‌ക് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിക്ക് എത്തിച്ചേരില്ലെന്ന് അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.ഗുജറാത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം പ്രദര്‍ശിപ്പിക്കുന്നതിനും സംസ്ഥാനത്തേക്ക് കാര്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമുള്ള ആഗോള ബിസിനസ്-നെറ്റ്വര്‍ക്കിംഗ് പരിപാടിയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി.

Tags:    

Similar News