കര്‍ഷകരെ പിന്തുണച്ച് ലോറിക്കാര്‍ സമരം ചെയ്യുന്നു; ചരക്കു നീക്കത്തെ ബാധിക്കുമോ?

ഡിസംബര്‍ എട്ടുമുതല്‍ സമരം ചെയ്യുമെന്നാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്. സമരം രാജ്യവ്യാപകമാക്കിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Update: 2020-12-03 13:39 GMT

ഉത്തരേന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) പണിമുടക്കിലേക്ക്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിസംബര്‍ എട്ടാം തീയതി മുതല്‍ സമരത്തിനിറങ്ങുമെന്നാണ് എഐഎംടിസി അംഗത്വമുള്ള ഉത്തരേന്ത്യയിലെ ചരക്കു നീക്ക ട്രക്ക് ഉടമകളും തൊഴിലാളികളും അറിയിച്ചിട്ടുള്ളത്.

രാജ്യത്തെ 95 ലക്ഷത്തോളം വരുന്ന ചരക്കുവാഹന അംഗങ്ങള്‍ അടങ്ങുന്ന ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നീക്കമാകും നിര്‍ത്തി വയ്ക്കുക. ' ആദ്യ സമരം ദിനം മുതല്‍ കര്‍ഷകരുടെ സമരത്തോടൊപ്പം പിന്തുണയുമായി എഐഎംടിസിയുമുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഉത്തരേന്ത്യയില്‍ മാത്രമായി സമരം ചുരുക്കിയിട്ടുള്ളത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇത് ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനും പദ്ധതി ഇട്ടിരിക്കുകയാണ്'' എഐഎംടിസി പ്രസിഡന്റ് കുല്‍തരണ്‍ സിംഗ് അത്‌വാള്‍ വ്യക്തമാക്കി.

ചരക്ക് നീക്കമേഖല പിടിച്ചു നില്‍ക്കുന്നത് തന്നെ കര്‍ഷകരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വിതരണ ആവശ്യങ്ങള്‍ക്കാണെന്നും ഈ മേഖലയോട് കൂറു കാണിക്കേണ്ട അവസരമാണിതെന്നുമാണ് തങ്ങള്‍ കരുതുന്നതെന്നും അത്‌വാള്‍ പറഞ്ഞു. ഗ്രാമീണ മേഖലയിലെ 70 ശതമാനം ജനതയും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ഇത് ജനകീയ സമരമാണെന്നുമാണ് എഐഎംടിസി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം രാജ്യത്താകമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ പലഭാഗത്തും ചരക്കു നീക്കം മുടങ്ങിയതും അവശ്യസാധനങ്ങളുടേതടക്കം ക്ഷാമം അനുഭവപ്പെട്ടതും കണക്കിലെടുക്കുമ്പോള്‍ ട്രക്ക് മേഖലയിലെ സമരം വരും ദിവസങ്ങളില്‍ വന്‍ പ്രത്യാഖാതങ്ങള്‍ക്ക് വഴി വച്ചേക്കാം. ഗോതമ്പ്, അരി തുടങ്ങിയ ധാന്യങ്ങള്‍, പച്ചക്കറികള്‍, എണ്ണ, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെയെല്ലാം സുഗമമായ നീക്കം ഇല്ലാതാകുന്ന അവസ്ഥ രാജ്യത്തെല്ലായിടത്തും വ്യാപിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ ചരക്കു നീക്കമേഖല തന്നെ കര്‍ഷക സമരം മൂലം ഇതിനോടകം സ്തംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ആപ്പിള്‍ ഉള്‍പ്പെടെയുള്ള വിളകളെല്ലാം നീക്കം സുതാര്യമാകാതെ കെട്ടിക്കിടക്കുകയും നശിച്ചു പോകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ട്. ഈ അവസ്ഥ സമരം മുന്നോട്ട് പോയാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ചെറു കച്ചവടക്കാരെ പോലെ ബാധിക്കുമെന്നതാണ് സത്യം.

Tags:    

Similar News