പകുതി ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാണോ എന്ന് വിപ്രോ

ഫെബ്രുവരി 20 ന് അകം കമ്പനിയെ വിവരം അറിയിക്കണം

Update: 2023-02-21 05:12 GMT

പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് ഐടി കമ്പനി വിപ്രോ ചോദിച്ചതായി ബിസിനസി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വെലോസിറ്റി ഗ്രാജ്വേറ്റ് വിഭാഗത്തിന് കീഴിലുള്ള വിപ്രോയുടെ ഉദ്യോഗാര്‍ത്ഥികളോടാണ് കമ്പനി ഈ ചോദ്യം ഉന്നയിച്ചത്.

ചൂഷണം ചെയ്യുന്ന രീതി

മാര്‍ച്ചിലാണ് ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കേണ്ടത്. ഈ വ്യവസ്ഥ അംഗീകരിക്കുന്നവര്‍ ഫെബ്രുവരി മാസത്തിനുള്ളല്‍ കമ്പനിയെ വിവരം അറിയിക്കണം. ഏതെങ്കിലും ഉദ്യോഗാര്‍ത്ഥി ഈ വ്യവസ്ഥ സ്വീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ ശമ്പളത്തില്‍ തന്നെ ജോലിയില്‍ തുടരാം. അതേസമയം പുതിയ ഉദ്യോഗാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് എച്ച്ആര്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏകദേശം 3000 പേരെ ഇത് ബാധിച്ചേക്കാം.

നിരാശയില്‍ ഉദ്യോഗാര്‍ത്ഥികള്‍

പുതിയ വ്യവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നിരാശരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മറ്റ് മാര്‍ഗം ഇല്ലാത്തതിനാല്‍ പലരും ഈ വ്യവ്യസ്ഥ അംഗീകരിച്ചിട്ടുണ്ട്. പരിശീലന കാലയളവിന് ശേഷം മൂല്യനിര്‍ണ്ണയത്തില്‍ മോശം പ്രകടനം നടത്തിയതിന് 425 ഫ്രഷര്‍മാരെ കമ്പനി വിട്ടയച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ വ്യവസ്ഥയുമായി കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്.

പുനഃപരിശോധന വേണം

മുന്‍കൂര്‍ കൂടിയാലോചനയും ചര്‍ച്ചയും കൂടാതെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അന്യായമാണെന്ന് നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് പ്രസിഡന്റ് ഹര്‍പ്രീത് സിംഗ് സലൂജ പറഞ്ഞു. കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

Tags:    

Similar News