വീട്ടിലിരുന്ന് ജോലി ചെയ്യല്‍: പുതിയ എച്ച്.ആര്‍ നയം കൊണ്ടുവരാന്‍ കമ്പനികള്‍

Update: 2020-04-28 12:30 GMT

രാവിലെ കുളിച്ചൊരുങ്ങി ഓഫീസില്‍ പോയിരുന്ന് ജോലി ചെയ്യുന്ന രീതി ഇനി കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മ്മ മാത്രമായേക്കുമെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചനകള്‍. ലോക്ഡൗണ്‍ വന്നതോടെ വര്‍ക് ഫ്രം ഹോം ശൈലി സ്വീകരിച്ചിരിക്കുന്ന പല കമ്പനികളും ഇനി അതങ്ങ് തുടര്‍ന്നാലോ എന്ന ആലോചനയിലാണ്. പ്രമുഖ ഐടി കമ്പനികള്‍ തങ്ങളുടെ 90 ശതമാനം വരെ ജീവനക്കാരെ വീട്ടിലിരുത്തി ജോലി ചെയ്യിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു. ഇതിനായി എച്ച്.ആര്‍ നയങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണിവര്‍.

നിലവിലുള്ള രീതിയെ അപേക്ഷിച്ച് വര്‍ക് ഫ്രം ഹോം ശൈലി ആശയവിനിമയം, എംപ്ലോയീ-മാനേജര്‍ ബന്ധങ്ങള്‍, ജോലി സമയം തുടങ്ങിയവയിലെല്ലാം മാറ്റങ്ങള്‍ വരുത്തും. ഇതിനനുസരിച്ച് എച്ച്.ആര്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടിയും വരും. പക്ഷെ പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ പ്രതിസന്ധിയുണ്ടാകുകയും ലോക്ഡൗണ്‍ നിലവില്‍ വരുകയും ചെയ്തതിനാല്‍ ഇതിനായി തയാറെടുപ്പുകളൊന്നും നടത്താന്‍ സ്ഥാപനങ്ങള്‍ക്കായില്ല. എന്നാല്‍ വളരെ പെട്ടെന്നുതന്നെ വീട്ടിലിരുന്ന് ജോലി ചെയ്യല്‍ ശൈലിയിലേക്ക് മാറാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു.

കൂടുതല്‍ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തച്ചെലവ് കുറയും. വലിയ ഓഫീസ് കെട്ടിടങ്ങളുടെയോ അനുബന്ധ സൗകര്യങ്ങളുടെയോ ആവശ്യമില്ലല്ലോ. ജീവനക്കാര്‍ക്കാകട്ടെ സ്ഥിരം ഓഫീസിലെത്തേണ്ട ചെലവും സമയവും ലാഭിക്കാം.

ലോക്ഡൗണ്‍ കഴിഞ്ഞാലും കടുത്ത നിയന്ത്രണങ്ങള്‍ ഇനിയും മാസങ്ങള്‍ തുടര്‍ന്നേക്കാം എന്ന സാഹചര്യത്തില്‍ ഇനി കാര്യങ്ങള്‍ പഴയതുപോലെ ആവില്ലെന്ന് കോര്‍പ്പറേറ്റ് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രകടനം, ഉല്‍പ്പാദനക്ഷമത, ആശയവിനിമയം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ എച്ച്.ആര്‍ നയങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ചില ദോഷവശങ്ങളുമുണ്ട്. സ്ഥിരമായി ഓഫീസില്‍ വന്ന് ഓഫീസ് അന്തരീക്ഷം ആസ്വദിച്ച് ജോലി ചെയ്തുകൊണ്ടിരുന്നവര്‍ക്ക് പെട്ടെന്നൊരു ദിനം വീട്ടിലിരിക്കേണ്ടി വരുന്ന അവസ്ഥ മാനസികമായി സ്വീകരിക്കാനായെന്ന് വരില്ല. ഇത് സോഷ്യല്‍ ഐസൊലേഷന് വഴിവെക്കുമെന്ന് ചിന്തിക്കുന്ന വിദഗ്ധരുണ്ട്. ഇക്കാര്യത്തില്‍ എച്ച്ആര്‍ വിഭാഗം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും നിരന്തരമായ ആശയവിനിമയത്തിലൂടെ ഈ മാനസികാവസ്ഥയെ മറികടക്കാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News