ഓഫീസിലേക്കു മടങ്ങാന്‍ ഗൂഗിള്‍ ജീവനക്കാര്‍ ധൃതി കൂട്ടേണ്ട: സുന്ദര്‍ പിച്ചൈ

Update: 2020-04-29 13:15 GMT

ഗൂഗിള്‍ ജീവനക്കാര്‍ വീട്ടിലിരുന്നുള്ള ജോലി തുടരണമെന്നും ജൂണ്‍ വരെയെങ്കിലും ഓഫീസില്‍ വരുന്ന കാര്യം ചിന്തിക്കേണ്ടെന്നും ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ. ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ്  ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ മേധാവി ഇക്കാര്യം അറിയിച്ചത്.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തുടര്‍ന്നും കരുതലോടെ മാത്രമേ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കൂ എന്ന് സുന്ദര്‍പിച്ചെ വ്യക്തമാക്കി.'ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച ആദ്യ കമ്പനികളിലൊന്നാണ് നമ്മള്‍. ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കുന്ന കാര്യത്തിലും ഇതേ സൂക്ഷ്മത പാലിക്കും'  സന്ദേശത്തില്‍ പറയുന്നു.

കാലിഫോര്‍ണിയയിലെ ബേ ഏരിയയിലാണ് ഗൂഗിള്‍ ജീവനക്കാരിലെ ഭൂരിഭാഗവുമുള്ളത്. മെയ് അവസാനം വരെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. ഇത് ജൂണ്‍ വരെ നീട്ടാനാണ് ആല്‍ഫബെറ്റിന്റെ തീരുമാനം. കോവിഡിനു ശേഷം കാര്യങ്ങള്‍ സാധാരണഗതിയിലായാല്‍ പോലും 'പുതിയൊരു സാധാരണ നില'യായിരിക്കും അപ്പോഴെന്ന സൂചനയും സുന്ദര്‍പിച്ചെ നല്‍കുന്നുണ്ട്.എന്തായാലും ജൂണ്‍ 1 വരെയെങ്കിലും ഇപ്പോഴത്തെ നിലയ്ക്കു മാറ്റമുണ്ടാകില്ലെന്നു സന്ദേശത്തില്‍ പറയുന്നു.

മാര്‍ച്ച് പത്തിനാണ് ഗൂഗിള്‍ കോവിഡിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചത്. ആദ്യം ഏപ്രില്‍ പത്തുവരെയായിരുന്നു 'വര്‍ക്ക് ഫ്രം ഹോം' ഉദ്ദേശിച്ചതെങ്കിലും  പിന്നീട് നീട്ടേണ്ടിവന്നു. ' എങ്ങനെയായിരിക്കണം നമ്മള്‍ ജോലിയെടുക്കേണ്ടത് എന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ഈ അനുഭവം കാരണമാവുകയാണ്. ഇതിലൂടെ നമ്മള്‍ പഠിച്ച കാര്യങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും ഭാവിയില്‍ തീരുമാനങ്ങളുണ്ടാവുക.'

ഗൂഗിള്‍ ആസ്ഥാനം സ്ഥതി ചെയ്യുന്ന അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം 45,000 പിന്നിട്ടു. 1809 മരണങ്ങളും. 'ഗൂഗിളിന്റെ ആസ്ഥാനത്തിന് ചുറ്റുമുള്ള ആറ് കൗണ്ടികളില്‍ മെയ് അവസാനം വരെ സ്റ്റേ-അറ്റ്-ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മറ്റ് പല പ്രദേശങ്ങളും കടുത്ത നിയന്ത്രണത്തിലാണ് 'പിച്ചൈ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News