399 രൂപയ്ക്ക് ₹10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ, പദ്ധതിയില്‍ ചേരാം
അപകടത്തില്‍പെട്ട വ്യക്തിയുടെ ആശുപത്രി ചെലവ്, മരണാനന്തര കര്‍മങ്ങള്‍, മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എന്നിവയും ലഭിക്കും
കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ ഉപയോക്താക്കള്‍ക്കായി തപാല്‍ വകുപ്പ് (India Post) അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന 'ഗ്രൂപ്പ് പേഴ്‌സണല്‍ ആക്സിഡന്റ് ഗാര്‍ഡ്' പോളിസി. പേര് സൂചിപ്പിക്കുന്നതു പോലെ അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്.
അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ശരീരിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. അപകടത്തില്‍പെട്ട വ്യക്തിയുടെ ആശുപത്രി ചെലവ്, മരണാനന്തര കര്‍മങ്ങള്‍, മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എന്നിവയും ഈ പോളിസി വഴി ലഭിക്കും.
അപകടത്തെ തുടര്‍ന്നുള്ള പോളിസിയുടമയുടെ മരണം അല്ലെങ്കില്‍ സ്ഥിരമായ പൂര്‍ണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം, അവയവ നഷ്ടം എന്നീ അവസ്ഥകളിലും പത്ത് ലക്ഷം രൂപ വരെ ലഭിക്കും.
ആശുപത്രി ചെലവിന് ₹60,000 വരെ
അപകടത്തില്‍ പെട്ടയാളുടെ ആശുപത്രി ചികിത്സയ്ക്കുള്ള ചെലവായി 60,000 രൂപ വരെയാണ് ലഭിക്കുക. കിടത്തി ചികിത്സ വേണ്ടാത്തവര്‍ക്ക് 30,000 രൂപ വരെ ലഭിക്കും. ആശുപത്രിയിലെ ദിവസ ചെലവുകള്‍ക്കായി ഇന്‍ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷ് എന്ന പേരില്‍ തുക ലഭിക്കും. 10 ദിവസത്തേക്ക് ആശുപത്രിയിലെ വാസത്തിന് പ്രതിദിനം 1,000 രൂപ വീതമാണ് ലഭിക്കുക. കൂടാതെ ചികിത്സയിലുള്ള രോഗിയില്‍ ആശുപത്രിയില്‍ കാണാനെത്തുന്ന കുടുംബാംഗങ്ങള്‍ക്കുള്ള ചെലവായി 25,000 രൂപ വരെയും സംസ്‌കാര ചടങ്ങുകള്‍ക്കായി 5,000 രൂപ വരെയും ലഭിക്കും. പോളിസി ഉടമയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവിനായി ഒരു ലക്ഷം രൂപ വരെ ആനുകൂല്യവുമുണ്ട്.
₹299 പ്രീമിയത്തിലും
പത്തു ലക്ഷം രൂപയുടെ ഈ അപകട ഇന്‍ഷുറന്‍സ് പോളിസി 299 രൂപ പ്രീമിയം അടച്ചും ചേരാവുന്നതാണ്. ഇതില്‍ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, ആശുപത്രിയിലെ ചികിത്സയ്ക്കായി പ്രതിദിനം കിട്ടുന്ന 1,000 രൂപയുടെ സഹായം, കുടുംബാംഗങ്ങള്‍ക്കുള്ള യാത്രാ ചെലവ്, മരണാനന്തര ചെലവ് എന്നിവ ലഭിക്കില്ല.
പദ്ധതിയില്‍ ചേരാന്‍
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ അക്കൗണ്ടുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാകുക. അല്ലാത്തവര്‍ക്ക് 200 രൂപ നല്‍കി അക്കൗണ്ട് തുടങ്ങണം. പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 18 വയസിനും 65 വയസിനും ഇടയിലാണ്. ഒരു വര്‍ഷമാണ് പോളിസി കാലാവധി. ഓരോ വര്‍ഷവും പുതുക്കാന്‍ അവസരമുണ്ട്. തപാല്‍ വകുപ്പും ടാറ്റ എ.ഐ.ജി ഇന്‍ഷുറന്‍സും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.