ലൈഫ് ഇന്‍ഷ്വറന്‍സില്‍ സ്വകാര്യ കമ്പനികളുടെ മുന്നേറ്റം

മുന്നില്‍ എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സ്

Update: 2023-04-21 07:04 GMT

Photo : Canva

രാജ്യത്തെ ലൈഫ് ഇന്‍ഷ്വറന്‍സ് വിപണിയില്‍ സ്വകാര്യ കമ്പനികള്‍ പിടിമുറുക്കുന്നു. മാര്‍ച്ചില്‍ സ്വകാര്യ കമ്പനികള്‍ മികച്ച നേട്ടം കുറിച്ചപ്പോള്‍ എല്‍.ഐ.സി രേഖപ്പെടുത്തിയത് നഷ്ടം. 

കഴിഞ്ഞമാസം ലൈഫ് ഇന്‍ഷ്വറന്‍സ് വിപണിയിലെ മൊത്തം പുതിയ ബിസിനസ് പ്രീമിയത്തിലുണ്ടായത് 12.62 ശതമാനം ഇടിവാണെന്ന് ലൈഫ് ഇന്‍ഷ്വറന്‍സ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. വിപണിയിലെ മൊത്തം പുതു ബിസിനസ് പ്രീമിയം വരുമാനം 2022 മാര്‍ച്ചിലെ 59,608.83 കോടി രൂപയില്‍ നിന്ന് 52,081 കോടി രൂപയായാണ് കുറഞ്ഞത്.  ഓരോ വര്‍ഷവും കമ്പനികള്‍ പുതുതായി ചേര്‍ക്കുന്ന പോളിസികളില്‍ നിന്നുള്ള വരുമാനമാണിത്. ആദ്യവര്‍ഷ പ്രീമിയം, സിംഗിള്‍ പ്രീമിയം എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.
സ്വകാര്യ കമ്പനികളുടെ നേട്ടം
സ്വകാര്യ കമ്പനികളുടെ സംയുക്ത പുതിയ ബിസിനസ് പ്രീമിയം മാര്‍ച്ചില്‍ 17,289.61 കോടി രൂപയില്‍ നിന്ന് 35.14 ശതമാനം ഉയര്‍ന്ന് 23,364 കോടി രൂപയായി. അതേസമയം, എല്‍.ഐ.സിയുടെ പ്രീമിയം 32.14 ശതമാനം താഴ്ന്ന് 28,716 കോടി രൂപയിലെത്തി. 2022 മാര്‍ച്ചില്‍ എല്‍.ഐ.സി നേടിയത് 42,319 കോടി രൂപയായിരുന്നു.
2022-23ല്‍ സ്വകാര്യ കമ്പനികള്‍ സംയുക്തമായി 20.04 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ എല്‍.ഐ.സിയുടെ വളര്‍ച്ച 16.67 ശതമാനമാണ്. 1.15 ലക്ഷം കോടി രൂപയില്‍ നിന്ന് 1.38 ലക്ഷം കോടി രൂപയായാണ് സ്വകാര്യ കമ്പനികളുടെ പ്രീമീയം വരുമാനം ഉയര്‍ന്നത്. എല്‍.ഐ.സിയുടേത് 1.98 ലക്ഷം കോടി രൂപയില്‍ നിന്ന് 2.31 ലക്ഷം കോടി രൂപയായി.
എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സ്
സ്വകാര്യ കമ്പനികളില്‍ ഏറ്റവും മികച്ച നേട്ടം എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സിനാണ്. മാര്‍ച്ചില്‍ 83 ശതമാനവും 2022-23ല്‍ 16 ശതമാനവും നേട്ടം കമ്പനി രേഖപ്പെടുത്തി. മാക്‌സ് ലൈഫ് മാര്‍ച്ചില്‍ 43 ശതമാനവും സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം വളര്‍ച്ച കൈവരിച്ചു. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ മാര്‍ച്ചില്‍ 31 ശതമാനവും 2022-23ല്‍ 13 ശതമാനവും വളര്‍ന്നു. 23 ശതമാനമാണ് എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ മാര്‍ച്ചിലെ വളര്‍ച്ച; സാമ്പത്തിക വര്‍ഷത്തില്‍ 16 ശതമാനം.
Tags:    

Similar News