ഓൺലൈൻ ഇൻഷുറൻസ് വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓണ്‍ലൈനിലൂടെ കുറഞ്ഞ പ്രീമിയം കണ്ടും ഓഫറുകള്‍ കണ്ടും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാന്‍ ഒരുങ്ങും മുമ്പ് ചില കാര്യങ്ങള്‍ കൂടെ ഓര്‍ത്തിരിക്കണം. അല്ലെങ്കില്‍ ക്ലെയിം ഉണ്ടാകുമ്പോള്‍ നിങ്ങള്‍ പ്രതിസന്ധിയിലാകും.

Update:2021-05-31 17:51 IST

വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച നമുക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലും ഇത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. സാധാരണയായി മെഡിക്ലെയിം, മോട്ടോര്‍, ടേം പോളിസി, ഹോം, പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് ഓണ്‍ലൈനായി എല്ലാവരും എടുക്കുന്നത്. പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ഇടനിലക്കാരില്ലെന്നത് തന്നെയാണ് ഓണ്‍ലൈന്‍ സേവനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധയില്ലെങ്കിലോ. അബദ്ധത്തില്‍ ചാടാനും എളുപ്പമാണ്. ഇതാ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു നോക്കാം.

ഇന്‍ഷുറന്‍സ് കമ്പനി
ഇന്‍ഷുറന്‍സ് കമ്പനി അല്ലെങ്കില്‍ പോളിസി തിരഞ്ഞെടുക്കുവാന്‍ ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതായത്, ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലവാരമറിയാന്‍ വിപണിയിലെ റേറ്റിംഗ്, സോള്‍വന്‍സി റേഷ്യോ, സാമ്പത്തിക ഭദ്രത, പോളിസിയുടെ പ്രത്യേകത, കഴിഞ്ഞ കാലങ്ങളില്‍ ക്ലെയിം തീര്‍പ്പാക്കിയതിന്റെ വിവരങ്ങള്‍, വിപണന ശൃംഖല, സേവന നിലവാരം എന്നിവയാണ്.
ഒരു പോളിസിയെ സംബന്ധിച്ചിടത്തോളം കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, കവര്‍ ചെയ്യാത്ത റിസ്‌കുകള്‍, പോളിസി എക്‌സസ്, പ്രീമിയം നിരക്ക്, പോളിസി നിബന്ധനകള്‍ എന്നിവയാണ്. ഇതുതന്നെ, ഓരോതരം പോളിസികളിലും വ്യത്യസ്ഥമായിരിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനി അതല്ലെങ്കില്‍ പോളിസി താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സിന്റെ ആദ്യകടമ്പ കഴിഞ്ഞു.
പോളിസി വിലയിരുത്തുക
നിങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിസിയാണോ എന്നത് ഉറപ്പുവരുത്തണം. ഇന്‍ഷുറന്‍സ് ഒരു കരാറായതിനാല്‍ നാം നല്‍കുന്ന വിവരങ്ങള്‍ നൂറ് ശതമാനവും സത്യസന്ധമല്ലെങ്കില്‍ മേല്‍പറഞ്ഞ കരാറിന് വിരുദ്ധമാവും ഉദാഹരണത്തിന് ടേം പോളിസി, മെഡിക്ലെയിം പോളിസി എന്നിവയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ നിലവില്‍ അസുഖം ഉണ്ടെങ്കില്‍ അതിന്റെ വിശദ വിവരം നല്‍കണം. ഇല്ലെങ്കില്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കാനിടയില്ല.
ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ ദീര്‍ഘകാലത്തേക്ക് വാങ്ങുന്നതാണ് ലാഭകരം. എന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ വ്യക്തികളല്ലാതെ കുടുംബത്തെ ഒന്നിച്ച് ഇന്‍ഷുര്‍ ചെയ്യുന്നതാണ് ഉചിതം. 2 ലക്ഷം രൂപയുടെ അടിസ്ഥാന പോളിസി എടുക്കുന്ന ഒരു കുടുംമ്പത്തിന് കൂടുതല്‍ തുക ഇന്‍ഷുര്‍ ചെയ്യാന്‍ ടോപ് അപ് പോളിസികള്‍ തിരഞ്ഞെടുത്താല്‍ പ്രീമിയം ലാഭിക്കാനാകും. വരുമാനം ലക്ഷ്യമാക്കി ഇന്‍ഷുര്‍ ചെയ്യുന്നവര്‍ ഇന്നത്തെ പണപ്പെരുപ്പത്തിന്റെ തോത് അരുസരിച്ചായിരിക്കണം പ്രതിമാസ വരുമാനം തീരുമാനിക്കേണ്ടത്. ഇത് ആരോഗ്യ ചികില്‍സാ രംഗത്തും ബാധകമാണ്.
പ്രീമിയം മാത്രം കണക്കിലെടുത്ത് പോളിസി വാങ്ങരുത്
ഓണ്‍ലൈനില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിപണനക്കാരെ ഒഴിവാക്കി നേരിട്ട് പോളിസികള്‍ നല്‍കുന്നതിനാല്‍ സ്വാഭാവികമായും കമ്മീഷന്‍ ഒഴിവാക്കി പോളിസി നല്‍കുന്നതുകൊണ്ടാണ് പ്രീമിയത്തില്‍ ഇളവ് നല്‍കുന്നത്. മറ്റ് ചിലര്‍ ഉപഭോക്താവിന്റെ പല റിസ്‌കുകളും കവര്‍ ചെയ്യാതെയും, ഇന്‍ഷുര്‍ ചെയ്യുന്ന തുക കുറവായി കാണിച്ചും, പോളിസിയില്‍ പലവിധ നിബന്ധനകള്‍ കൊണ്ടുവന്നും പ്രീമിയത്തില്‍ ഇളവ് നല്‍കുന്നുണ്ട്. നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്തെന്നല്ലേ, പ്രീമിയം മാത്രം കണക്കിലെടുത്ത് പോളിസി വാങ്ങിയാല്‍ അബദ്ധത്തില്‍ പെടാന്‍ സാധ്യതയുണ്ട് എന്നതു തന്നെ. ഓണ്‍ലൈനില്‍ നിന്നായാലും ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ നിന്നായാലും ഏത് തരം പോളിസികള്‍ വാങ്ങുമ്പോഴും എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങള്‍ മനസ്സിലാക്കി തിരഞ്ഞെടുത്തിലെങ്കില്‍ അബദ്ധങ്ങളില്‍ പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്‍ഷുറന്‍സ് ഒരു സാങ്കേതിക വിഷയമാണ്. രാജ്യത്ത് 60 ലധികം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളും ആയിരക്കണക്കിന് പോളിസികളും ഉണ്ട്. പോളിസികള്‍ ഓണ്‍ലൈന്‍ എടുകുന്നതില്‍ തെറ്റില്ല. പക്ഷെ മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറണമെന്നില്ല. ഓണ്‍ലൈന്‍ പോളിസികളിലെ ഏറ്റവും വലിയ പ്രശ്‌നം ഒരു ക്ലെയിം ഉണ്ടാവുമ്പോഴാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് പോളിസി എടുകുന്നതിനാല്‍ നമുക്ക് കമ്പനിയുമായി നേരിട്ട് തന്നെ ഇടപാടുകള്‍ ചെയ്യേണ്ടതായി വരും.
എല്ലാ അനുബന്ധ ക്ലെയിം രേഖകളും ശരിയാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ക്ലെയിം ലഭ്യമാവുന്നതാണ്. എന്നാല്‍ ക്ലെയിമിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വിദഗ്ദാഭിപ്രായം ആരാഞ്ഞ് വേണം അനന്തര നടപടികള്‍ കൈക്കൊള്ളേണ്ടത്. അതുകൊണ്ട് നിങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ തീര്‍ച്ചയായും റീറ്റെയില്‍ പോളിസികള്‍ ഓണ്‍ലൈനായി വാങ്ങാം. ഇത്രയൊക്കെ കാര്യങ്ങള്‍ പഠിക്കാനും തീരുമാനിക്കാനും തല്‍ക്കാലം സമയമില്ലെങ്കില്‍ ഒരു ഇന്‍ഷുറന്‍സ് പ്രൊഫഷണലിന്റെ സഹായം തേടുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഒരു ക്ലെയിം ഉണ്ടായാല്‍ അതില്‍ ഇടപെട്ട് തീര്‍പ്പാകുവാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും എന്നത് ഗുണകരമാണ്.


Tags:    

Similar News