നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം: എല്‍.ഐ.സി ഓഹരിയില്‍ ഇനിയും നിക്ഷേപം തുടരണോ?
ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടമായത് 2.5 ലക്ഷം കോടി രൂപ, ഇഷ്യു വിലയേക്കാള്‍ 40 ശതമാനം താഴെയാണ് ഓഹരി വില
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും ശ്രദ്ധനേടിയ വലിയ ഐ.പി.ഒകളിലൊന്നാണ് എല്‍.എ.സിയുടേത്. ഗെയിം ചെയ്ഞ്ചറാകുമെന്ന് പ്രതീക്ഷിച്ച ഓഹരി പക്ഷേ നിക്ഷേപകരുടെ പണം കവരുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് ഉണ്ടായ നഷ്ടം 2.5 ലക്ഷം കോടി രൂപയാണ്. 2022 മെയ് 17 ന് ലിസ്റ്റ് ചെയ്ത എല്‍.ഐ.സിയുടെ ഇപ്പോഴത്തെ ഓഹരി വില ഇഷ്യു വിലയേക്കാള്‍ 40 ശതമാനം താഴെയാണ്. 949 രൂപയായിരുന്നു ഇഷ്യു വില. ഇന്നത്തെ വില 567.95 രൂപ. ഇന്നും 0.36 ശതമാനം ഇടിവിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
മ്യൂച്വല്‍ഫണ്ടുകളും എഫ്.ഐ.ഐകളും നിക്ഷേപം കുറച്ചു
വിപണി മൂല്യത്തില്‍ ആദ്യ പതിനഞ്ചില്‍ ഉള്‍പ്പെടുന്ന എല്‍.ഐ.സിക്ക് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല. മ്യൂചല്‍ഫണ്ടുകളും വിദേശ നിക്ഷേപക സ്ഥാപനങ്ങളും(എഫ്.ഐ.ഐ) എല്‍.ഐ.സി ഓഹരികളിലെ നിക്ഷേപം കുറച്ചു. മ്യൂച്വല്‍ഫണ്ടുകള്‍ അവരുടെ നിക്ഷേപം ഡിസംബറിലെ 0.66 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 0.63 ശതമാനമായി കുറച്ചു. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 0.17 ശതമാനത്തില്‍ നിന്ന് 0.08 ശതമാനമായും നിക്ഷേപം കുറിച്ചിട്ടുണ്ട്.
അതേ സമയം, റീറ്റെയ്ല്‍ നിക്ഷേപകര്‍ വില കുറഞ്ഞു നില്‍ക്കുന്നത് അവസരമായി കണക്കാക്കി അവരുടെ നിക്ഷേപം കഴിഞ്ഞ പാദത്തിലെ 1.92 ശതമാനത്തില്‍ നിന്ന് 2.04 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. റീറ്റെയ്ല്‍ നിക്ഷേപകരുടെ നിക്ഷേപ വിഹിതം ഉയര്‍ന്നെങ്കിലും എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. ഐ.പി.ഒ സമയത്ത് 39.89 ലക്ഷം റീറ്റെയ്ല്‍ നിക്ഷേപകരാണുണ്ടായത്. രണ്ട് ലക്ഷത്തില്‍ താഴെ നിക്ഷേപം നടത്തുന്നവരെയാണ് ചെറുകിട നിക്ഷേപകരായി കണക്കാക്കുന്നത്. മാര്‍ച്ച് മാസത്തെ കണക്കുകളനുസരിച്ച് റീറ്റെയ്ല്‍ നിക്ഷേപകരുടെ എണ്ണം 33 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
ഇനി വില ഉയരുമോ?
ദലാല്‍ സ്ട്രീറ്റ് കണ്ട ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നായിരുന്നു 21,000 കോടി രൂപ സമാഹരിച്ച എല്‍.ഐ.സിയുടേത്. എന്നാല്‍ ആദ്യ ദിനം മുതല്‍ തന്നെ ഓഹരി വില താഴ്ന്നു തുടങ്ങി. ഉയര്‍ന്ന പ്രീമിയമുള്ള ആന്യുറ്റി ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദേശം വന്നതോടെ ഇടിവിന്റെ ആക്കം കൂടി. എന്നാല്‍ ദീര്‍ഘകാലത്തില്‍ തിരിച്ചു വന്നേക്കാം എന്ന പ്രതീക്ഷയില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ അവരുടെ നഷ്ടം ആവറേജ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനിയും എത്ര കാലം നിക്ഷേപം തുടരുമെന്നതാണ് നിക്ഷേപകര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം.
ഐ.പി.ഒയുമായി എത്തിയ സമയം മുതല്‍ വാല്വേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പലരും വ്യക്തത കുറവ് പ്രകടിപ്പിച്ചിരുന്നെങ്കിലും അത് കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഇപ്പോഴും എല്‍.ഐ.സി ഒരു ഗവണ്‍മെന്റ് കമ്പനിയായാണ് നിലനില്‍ക്കുന്നത്. എല്‍.ഐ.സി തിരിച്ചു വരണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. കൂടാതെ എല്‍.ഐ.സിയുടെ പ്രവര്‍ത്തന ഫലത്തിലും മറ്റും സുതാര്യത കൊണ്ടു വരേണ്ടതുണ്ട്. മുന്‍പ് പൊതുമേഖല ബാങ്കുകളുടെ ഓഹരികളും ഇതേ പോലെ താഴ്ന്ന സാഹചര്യത്തില്‍ അത്തരം നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നു.
എല്‍.ഐ.സിയെ സംബന്ധിച്ച് വിപണിയില്‍ 75 ശതമാനം പങ്കാളിത്തവുമായി ഒന്നാം സ്ഥാനത്താണ്. ബിസിനസിലുള്ള വളര്‍ച്ചയും പേരും കമ്പനിക്ക് മുതല്‍കൂട്ടാകുമ്പോള്‍ തന്നെ സുതാര്യമായ പ്രവര്‍ത്തനങ്ങളും കൂടിയുണ്ടെങ്കില്‍ ഓഹരിയില്‍ തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്ന് ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറയുന്നു. ഒരു പ്രൊഫഷണല്‍ സ്ഥാപനമായി കണ്ട് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വതന്ത്രമായ നടത്തിപ്പിന് അവസരമൊരുക്കണം.
ഇപ്പോഴും പരമ്പരാഗത രീതിയിലാണ് എല്‍.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍. ഓണ്‍ലൈന്‍ വഴിയുള്ള പോളിസി വിതരണത്തില്‍ വളരെ പിന്നിലാണ്. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന വിധത്തില്‍ വേഗത്തില്‍ മാറണം. അതിനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ ഓഹരി ഇനിയും താഴേക്കു പോകാനും ഇടയുണ്ട്. ഇത്രയും വലിയ ഇടിവ് സംഭവിച്ചിട്ടും സര്‍ക്കാര്‍ ഇതില്‍ ഇടപെടലുകളൊന്നും നടത്താത്തത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കാനിടയുണ്ട്. ഇപ്പോഴത്തെ ഈ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന് റൈറ്റ് ഇഷ്യു വഴി കുറഞ്ഞ വിലയ്ക്ക് ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ ലഭ്യമാക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
ഐ.ഒ.സിയുടെ ഐ.പി.ഒയും സമാനമായ അവസ്ഥയാണ് നേരിട്ടത്. അതിനു ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടുമൊരു ഐ.പി.ഒയുമായി സര്‍ക്കാര്‍ വരുന്നത്. അതും നിക്ഷേപകര്‍ക്ക് നഷ്ടം ഉണ്ടാക്കുമ്പോള്‍ ഇനിയൊരു ഐ.പി.ഒയില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകര്‍ മടിക്കാനിടയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.