20 ദിവസത്തിനിടെ 100 ശതമാനത്തോളം വളര്‍ച്ച, നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയ കമ്പനിയിതാ

റിലയന്‍സിന്റെ നീക്കത്തിന് പിന്നാലെയാണ് ഈ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നത്

Update: 2021-09-13 05:56 GMT

20 ദിവസത്തിനിടെ 100 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ബിപിഎല്‍. കഴിഞ്ഞ ഓഗസ്റ്റ് 25 ന് 32.15 രൂപയാണെങ്കില്‍ ഇന്ന് (10.50, 13-09-2021) 63.75 രൂപയായാണ് ബിപിഎല്ലിന്റെ ഒരു ഓഹരിയുടെ വില. അതായത് 19 ദിവസത്തിനിടെ നേടിയത് 98 ശതമാനത്തിന്റെ വളര്‍ച്ച. ബിപിഎല്ലിന്റെ 52 ആഴ്ചയ്ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയും ഇതാണ്. അതേസമയം, ഒരു വര്‍ഷത്തിനിടെ 232 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 13ന് 19.20 രൂപയായിരുന്നു ബിപിഎല്ലിന്റെ ഒരു ഓഹരിയുടെ വില.

ഉല്‍പ്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട് റിലയന്‍സുമായി ധാരണയുണ്ടാക്കിയതിന് പിന്നാലെയാണ് ബിപിഎല്ലിന്റെ ഓഹരി കുതിക്കാന്‍ തുടങ്ങിയത്.
ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് ഇരുകമ്പനികളും ധാരണയിലായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റിറ്റെയ്ല്‍ ബിപിഎല്‍ ബ്രാന്‍ഡിന് കീഴിലുള്ള ഉപകരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതിനുള്ള അനുമതി തേടിയിരുന്നു. ഇ
ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ എസി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, ബള്‍ബ്, ഫാന്‍ തുടങ്ങിയ നിര്‍മിച്ച് വില്‍ക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കൂടാതെ, പുതിയ ഉല്‍പ്പന്നങ്ങളും ഈ ബ്രാന്‍ഡിന് കീഴില്‍ നിര്‍മിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. റിലയന്‍സ് ഓഫ്ലൈന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയായിരിക്കും ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. ബിപിഎല്ലിന് പുറമെ കെല്‍വിനേറ്റര്‍ ബ്രാന്‍ഡിന് കീഴിലും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ധാരണയാക്കിയിട്ടുണ്ട്.



Tags:    

Similar News