ഒരു ലക്ഷം രൂപയുടെ നിക്ഷേപം 2 കോടിയിലേക്ക്, ഓഹരി കുതിച്ചു പാഞ്ഞത് ആറ് വര്‍ഷത്തിനുള്ളില്‍

ഒരു വര്‍ഷത്തിനിടെ 770 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനി നേടിയത്

Update:2022-03-09 13:11 IST

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് രൂപ വിലയുണ്ടായിരുന്ന ഓഹരി, പിന്നീട് കുതിച്ചുയര്‍ന്നത് 592 രൂപയിലേക്ക്. നിക്ഷേപകര്‍ക്ക് ലഭിച്ചതാകട്ടെ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടം. അതായത്, ആറ് വര്‍ഷത്തിനിടെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഉയര്‍ന്നത് രണ്ട് കോടിയിലേക്ക്... ഓഹരി വിപണിയിലെ അസാധാരണമായ ഈ നേട്ടം സമ്മാനിച്ചത് ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിആര്‍എം ഓവര്‍സീസ് അരിയുടെയും നെല്ലിന്റെയും ഉല്‍പ്പാദന വാങ്ങല്‍ കയറ്റുമതിയിലും വില്‍പ്പനാ രംഗത്തുമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, പോളിത്തീന്‍ നിര്‍മാണ രംഗത്തും കമ്പനി പ്രവര്‍ത്തിക്കുന്നു.

ആറ് വര്‍ഷത്തിനിടെ ഓഹരി വില 300 മടങ്ങോളം വര്‍ധിച്ച ഈ കമ്പനിയുടെ ഓഹരി വില, കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഇടിവ് നേരിട്ടെങ്കിലും ആറ് മാസത്തിനിടെ 204 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരു വര്‍ഷത്തിനിടെ 770 ശതമാനത്തിന്റെ വളര്‍ച്ച നേടിയ കമ്പനി അഞ്ച് വര്‍ഷത്തിനിടെ പതിനായിരം ശതമാനത്തോളം വളര്‍ന്ന് അത്ഭുതകരമായ നേട്ടവും സ്വന്തമാക്കി. ഇന്ന് (11.40, 09-03-2022) 594 രൂപ എന്ന തോതിലാണ് ഈ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. 2022 ജനുവരിയിലെ 935.40 രൂപ എന്നതാണ് ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡിന്റെ എക്കാലത്തെയും ഉയര്‍ന്ന ഓഹരി വില.
ജിആര്‍എം ഓവര്‍സീസ് ഒരു പങ്കാളിത്ത സ്ഥാപനമായി 1974-ലാണ് സ്ഥാപിതമായത്. ഗാര്‍ഗ് റൈസ് & ജനറല്‍ മില്‍സ് എന്നറിയപ്പെട്ടിരുന്ന ഇത് 1995 ജനുവരി മൂന്നിനാണ് ഇന്നത്തെ പേരില്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയത്. കമ്പനിക്ക് ഹരിയാനയിലെ പാനിപ്പത്തില്‍ സംസ്‌കരണ യൂണിറ്റുണ്ട്. കാമധേനു, ഷെഫ് എന്നീ ബ്രാന്‍ഡ് നാമത്തിലാണ് ഇവ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. സൗദി അറേബ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ബസ്മതി അരിയും കയറ്റുമതി ചെയ്യുന്നു.


Tags:    

Similar News