ഗൗതം അദാനിയുടെ ആസ്തി 5000 കോടി ഡോളറിന് താഴെ

ഒരു മാസം മുന്‍പ് ഏകദേശം 12000 കോടി ഡോളര്‍ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ മൂന്നാമനായിരുന്നു അദാനി

Update: 2023-02-21 05:44 GMT

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 5000 കോടി ഡോളറിന് (billion dollar) താഴെയായി. നിലവില്‍ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ 4700.3 കോടി ഡോളര്‍ ആസ്തിയുമായി ഇരുപത്തിയാറാമതാണ് ഗൗദം അദാനി. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞതാണ് ഗൗതം അദാനിയുടെ ആസ്തി കൂപ്പുകുത്താന്‍ കാരണം.

ഒരു മാസം മുന്‍പ് ഏകദേശം 12000 കോടി ഡോളര്‍ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ മൂന്നാമനായിരുന്നു അദാനി. ഇന്നലെ മാത്രം അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ഇടിഞ്ഞത് 25,000 കോടി രൂപയോളം ആണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഇതുവരെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതിസന്ധികളെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.

2500 കോടിയുടെ വായ്പ തിരിച്ചടയ്ക്കാന്‍ അദാനി

അദാനി പോര്‍ട്‌സ് 2500 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാന്‍ ഒരുങ്ങുന്നു. എസ്ബിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നെടുത്ത 1500 കോടിയും 1000 കോടിയുടെ കൊമേഴ്‌സ്യല്‍ പേപ്പര്‍ വായ്പയും ആണ് തിരിച്ചടയ്ക്കുന്നത്. കമ്പനിയുടെ കൈവശമുള്ള പണവും ബിസിനിസ് വരുമാനവും ഇതിനായി ഉപയോഗിക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചത്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ് ലക്ഷ്യം.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പവര്‍ ട്രേഡിംഗ് കോര്‍പറേഷന്റെ ഓഹരികള്‍ വാങ്ങാനുള്ള നീക്കം അദാനി ഉപേക്ഷിച്ചു. നേരത്തെ ഡിബി പവറിന്റെ താപവൈദ്യുത നിലയം വാങ്ങുന്നതില്‍ നിന്നും അദാനി പിന്‍തിരിഞ്ഞിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം അദാനി ഗ്രീന്‍ എനര്‍ജി പ്രഖ്യാപിച്ച 10,000 കോടിയുടെ മൂലധന നിക്ഷേപ പരിപാടിയും പുനപരിശോധിക്കുകയാണ് ഗ്രൂപ്പ്. 2022 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 2.26 ലക്ഷം കോടിയുടെ ബാധ്യതകളും 31,646 കോടിയുടെ ബാങ്ക് ബാലന്‍സുമാണ് അദാനി ഗ്രൂപ്പിനുള്ളത്.

Tags:    

Similar News