സുപ്രീം കോടതി പരാമര്‍ശം: 20 ശതമാനത്തോളം കുതിച്ചുയര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍

നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തെ നേട്ടം 1.2 ലക്ഷം കോടി രൂപ

Update: 2023-11-28 10:28 GMT

Image : Gautam Adani (adani.com) /Canva

അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളില്‍ സെബി നടത്തുന്ന അന്വേഷണത്തെ സംശയിക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിപ്പില്‍. വ്യാപാരത്തിനിടെ 20 ശതമാനം വരെ കുതിച്ചുയര്‍ന്ന അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് നിക്ഷേപകര്‍ക്ക് നല്‍കിയത് 1.19 ലക്ഷം കോടി രൂപയുടെ നേട്ടം.

അദാനി ഗ്രൂപ്പ് ഓഹരി വിലപെരുപ്പിച്ചുകാട്ടുന്നുവെന്നും കണക്കില്‍ കൃത്രിമം കാണിക്കുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം ആദ്യമായാണ് ആദാനി ഗ്രൂപ്പ് ഓഹരികള്‍ ഇത്രയും കുതിപ്പ് കാണിക്കുന്നത്. ഗ്രൂപ്പിലുള്ള 10 ഓഹരികളു
ടെയും
 ചേര്‍ത്തുള്ള വിപണി മൂല്യം 11.46 ലക്ഷം കോടി രൂപയിലെത്തി. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പുള്ള വിപണിമൂല്യമായ 19.2 ലക്ഷം കോടിയുമായി നോക്കുമ്പോള്‍ ഇപ്പോഴും ഏറെ താഴെയാണ്.
മുന്നില്‍ അദാനി ടോട്ടല്‍ ഗ്യാസ്
ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കരുത്തുറ്റ പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചത് അദാനി ടോട്ടല്‍ ഗ്യാസാണ്. ഓഹരി 20 ശതമാനത്തോളം ഉയര്‍ന്നു. അദാനി എനര്‍ജി സൊല്യൂഷന്‍സ് 13 ശതമാനം നേട്ടം രേഖപ്പെടുത്തി. അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 10 ശതമാനം ഉയര്‍ന്ന് അപ്പര്‍സര്‍
കീ
ട്ടിലെത്തി.
അദാനി പവര്‍ ഹിന്‍ഡന്‍ബര്‍ഗ് പ്രശ്‌നത്തെ തുടര്‍ന്ന നഷ്ടപ്പെടുത്തിയ നേട്ടം മുഴുവന്‍ തിരികെ പിടിച്ചതു കൂടാതെ 17 ശതമാനം ഉയര്‍ന്ന് 464.30 രൂപയെന്ന പുതിയ റെക്കോഡും താണ്ടി. 2023ല്‍ ഇതു വരെ ഓഹരിയുടെ നേട്ടം 50 ശതമാനമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കന്‍ നിക്ഷേപകന്‍ രാജീവ് ജെയ്‌ന്റെ ഉടമസ്ഥതയിലുള്ള ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അദാനി പവറില്‍ ഓഹരി ഏറ്റെടുത്തിരുന്നു.
സെപ്റ്റബര്‍ പാദത്തില്‍ കമ്പനി മികച്ച പ്രവര്‍ത്തനഫലങ്ങളും കാഴ്ചവച്ചിരുന്നു. കമ്പനിയുടെ സംയോജിത ലാഭം 9 മടങ്ങ് വര്‍ധിച്ച് 6,594 കോടി രൂപയിലെത്തി. വരുമാനത്തില്‍ രേഖപ്പെടുത്തിയത് 84 ശതമാനം വര്‍ധനയും.
അദാനി പോര്‍ട്‌സ് 6 ശതമാനമാണ് മുന്നേറിയത്. അദാനി ഗ്രീന്‍ എനര്‍ജി 11 ശതമാനവും അദാനി വില്‍മര്‍, എന്‍.ഡി.ടി.വി എന്നിവ എട്ട് ശതമാനത്തിന് മുകളിലും ഉയര്‍ന്നു.
അനുകൂല നീക്കം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെബിയുടെ അന്വേഷണത്തെ സംശയിക്കേണ്ട തരത്തിലുള്ള തെളിവുകളൊന്നുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ആദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകള്‍ ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിലാണ്. എന്നാല്‍ ഇതിലെ പരാമര്‍ശങ്ങളെ വിശ്വാസത്തിലെടുത്ത് നീങ്ങാനാകില്ല. മാത്രമല്ല റിപ്പോര്‍ട്ടുകളെ വിശുദ്ധസത്യമായി കാണണമെന്ന് സെബിയോട് നിര്‍ദേശിക്കാനാകില്ലെന്നുമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രജൂഡ് അദ്ധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടിയത്. അതേ സമയം ഷോര്‍ട്ട് സെല്ലിംഗ് പോലുള്ള സംഭവങ്ങള്‍ മൂലമുണ്ടാകുന്ന അസ്ഥിരതയില്‍ നിന്ന് ഓഹരി വിപണിയെ സംരക്ഷിക്കാന്‍ സെബി നടപടിയെടുക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീം കോടതി അദാനിക്ക് അനുകൂലമായി വരുന്നുവെന്ന നിരീക്ഷണമാണ് ഓഹരിയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ച അദാനി ഗ്രൂപ്പിലെ 10 ഓഹരികളില്‍ എട്ടെണ്ണവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ ഗുരുനാനാക്ക് ജയന്തി മൂലം ഓഹരി വിപണിക്ക് അവധിയായിരുന്നു.
Tags:    

Similar News