48.65 രൂപയ്ക്ക് എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍ പ്രശ്‌നം അവസാനിപ്പിച്ച് അദാനി

ഓപ്പണ്‍ ഓഫറില്‍ ഓഹരി ഒന്നിന് നല്‍കിയതിലും 17 ശതമാനം ഉയര്‍ന്ന തുകയ്ക്കായിരുന്നു റോയി ദമ്പതികളില്‍ നിന്ന് എന്‍ഡിടിവിയുടെ ഓഹരികള്‍ അദാനി വാങ്ങിയത്. നിയമങ്ങള്‍ ലംഘിച്ചുള്ള ഇടപാട് നിയമക്കുരിക്കിലേക്ക് നീങ്ങുമെന്ന വിലയിരുത്തലിലാണ് അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫര്‍ തുക ഉയര്‍ത്തിയത്.

Update: 2023-01-04 04:41 GMT

Photo : Canva

എന്‍ഡിടിവിയുടെ (NDTV) ഓപ്പണ്‍ ഓഫറിലൂടെ വാങ്ങിയ ഓഹരികളുടെ തുക ഉയര്‍ത്തി അദാനി ഗ്രൂപ്പ് (Adani Group). ഓപ്പണ്‍ ഓഫറില്‍ ഓഹരികള്‍ വിറ്റവര്‍ക്ക് ഓഹരി ഒന്നിന് 48.65 രൂപ അധികമായി നല്‍കാനാണ് തീരുമാനം. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെ നടന്ന ഓപ്പണ്‍ ഓഫറില്‍ 294 രൂപയ്ക്കാണ് എന്‍ഡിടിവിയുടെ 8.26 ശതമാനം ഓഹരികള്‍ അദാനി വാങ്ങിയത്.

തുക ഉയര്‍ത്തിയതോടെ ഒരോഹരിക്ക്  342.65 രൂപയാവും ഓഹരി വിറ്റവര്‍ക്ക് ലഭിക്കുക. 342.65 രൂപയ്ക്കാണ് കഴിഞ്ഞ ആഴ്ച എന്‍ഡിടിവി സ്ഥാപകരായ പ്രണോയി റോയി, രാധിക റോയി എന്നിവരുടെ കൈയ്യില്‍ നിന്ന് അദാനി 27.26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്. ഓപ്പണ്‍ ഓഫര്‍ അവസാനിച്ചതിന് ശേഷമുള്ള 26 ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന ഓഹരി വാങ്ങലുകള്‍ക്കും സമാന തുക നല്‍കണമെന്ന നിയമം ലംഘിച്ചുകൊണ്ടായിരുന്നു ഇടപാട്. ഇതിനെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാണ് ഓപ്പണ്‍ ഓഫര്‍ തുക ഉയര്‍ത്തിയത്.

സാധാരണക്കാരായ ഓഹരി ഉടമകളോട് അദാനി ഗ്രൂപ്പ് കാട്ടിയത് അനീതിയാണെന്ന ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. തുക ഉയര്‍ത്തിയതോടെ ഓപ്പണ്‍ ഓഫറിലൂടെ ലഭിച്ച 5.32 മില്യണ്‍ ഓഹരികള്‍ക്കായി 26 കോടി രൂപയാണ് അദാനി ഗ്രൂപ്പ് അധികമായി നല്‍കേണ്ടി വരുക. എന്‍ഡിടിവിയുടെ 64.71 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന്റെ കൈവശമുള്ളത്. നിലവില്‍ 343.10 രൂപയിലാണ് (10.00 AM) എന്‍ഡിടിവി ഓഹരികളുടെ വ്യാപാരം.

Tags:    

Similar News