സെന്‍സെക്‌സിലേക്കെത്തുക അദാനി പോര്‍ട്‌സ്, എന്റര്‍പ്രൈസസ് അല്ല
ഡിവീസിനെ മാറ്റി ടാറ്റയുടെ ടെന്റ് എത്തും, ജൂണ്‍ 24 മുതലാണ് മാറ്റം
വിപ്രോയെ മാറ്റി സെന്‍സെക്‌സിലേക്ക് കടന്ന് വരുന്നത് അദാനിയുടെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസല്ല, പകരം ഗ്രൂപ്പിന് കീഴിലുള്ള തുറമുഖ കമ്പനിയായ അദാനി പോര്‍ട്‌സ് ആൻഡ് ഇക്കണോമിക് സോൺ (Adani Ports and Special Economic Zone Ltd) ആണ്. ആറ് മാസത്തിലൊരിക്കല്‍ സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികളെ റീബാലന്‍സിംഗ് ചെയ്യുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ഓഹരികളില്‍ ബി.എസ്.ഇ മാറ്റം വരുത്തുന്നത്.
അദാനി എന്റര്‍പ്രൈസസായിരിക്കും സെന്‍സെക്‌സില്‍ ഇടംപിടിക്കുക എന്നായിരുന്നു വിപണി നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നലെ ബി.എസ്.ഇ പ്രഖ്യാപിച്ചതനുസരിച്ച് അദാനി പോര്‍ട്‌സിനാണ് നറുക്ക് വീണിരിക്കുന്നത്. ജൂണ്‍ 24 മുതലായിരിക്കും 30 വമ്പന്‍ ഓഹരികളുടെ ഗണത്തിലേക്ക് അദാനി പോര്‍ട്‌സ് എത്തുക.
മറ്റ് സൂചികകളിലും മാറ്റം
ബി.എസ്.ഇ 100, സെന്‍സെക്‌സ് 50, സെന്‍സെക്‌സ് നെക്‌സ്റ്റ്50, ബി.എസ്.ഇ ബാങ്കെക്‌സ്, ബി.എസ്.ഇ 100 സൂചികകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
പേജ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ കാര്‍ഡ്‌സ്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സസ്, ജൂബിലന്റ് ഫുഡ്‌വര്‍ക്ക്‌സ്, സീ എന്റര്‍ടെയിന്‍മെന്റ് എന്നിവയെ മാറ്റി ആര്‍.ഇ.സി ലിമറ്റഡ്, എച്ച്.ഡി.എഫ്.സി എ.എം.സി, കനറ ബാങ്ക്, കുമിന്‍സ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയെത്തും.
സെന്‍സെക്‌സ് 50യില്‍ ഡിവീസ് ലബോറട്ടറീസിനെ മാറ്റി ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റ് ലിമിറ്റഡാണ് എത്തുക.
ബി.എസ്.ഇ ബാങ്കെക്‌സില്‍ എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവയ്ക്ക് പകരമായി എത്തുക യെസ് ബാങ്ക്, കനറാ ബാങ്ക് എന്നിവയാണ്.
അദാനി പോര്‍ട്‌സിന് ഗുണം
സെന്‍സെക്‌സിലുള്‍പ്പെടുന്ന അദാനി പോര്‍ട്‌സ് ഓഹരികളില്‍ 252 മില്യണ്‍ ഡോളറിന്റെ നിക്ഷേപമെത്തുമെന്നാണ് കരുതുന്നത്. അതേ സമയം വിപ്രോയില്‍ നിന്ന് 161 മില്യണ്‍ ഡോളറിന്റെ പിന്‍വലിക്കലുണ്ടാകുമെന്നും നിരീക്ഷകര്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഹിന്‍ഡെന്‍ബെര്‍ഗ് തൊടുത്തുവിട്ട ആരോപണ ശരങ്ങളില്‍ നഷ്ടമായ നേട്ടമെല്ലാം അദാനി എന്റര്‍പ്രൈസസ് തിരികെ പിടിച്ച് ദിനത്തിലാണ് സെന്‍സെക്‌സിലേക്ക് അദാനി പോര്‍ട്‌സിനെ ഉള്‍പ്പെടുത്തുന്ന വാര്‍ത്തകളെത്തിയത്.
ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം അദാനി ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ച്ച നേടിയ ഓഹരികളാണ് അദാനി പോര്‍ട്‌സും അദാനി പവറും. യഥാക്രമം 86.04 ശതമാനവും 157.4 ശതമാനവും വളര്‍ച്ച നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) നാലാം പാദത്തില്‍ അദാനി പോര്‍ട്‌സിന്റെ ലാഭത്തില്‍ 76 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ ആഴ്ച ആറ് ശതമാനത്തോളമാണ് അദാനി പോര്‍ട്‌സ് ഓഹരി ഉയര്‍ന്നത്. ഫെബ്രുവരി ആദ്യമുണ്ടായ ഉയര്‍ച്ചയ്ക്ക് ശേഷം ഏറ്റവും മികച്ച വീക്ക്‌ലി പെര്‍ഫോമന്‍സാണിത്.