ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങള്‍, ആരോപണം തള്ളി അദാനി ഗ്രൂപ്പ്

അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നാണ് ആരോപണം. റിപ്പോര്‍ട്ട് തയ്യാറാക്കിയത് രണ്ട് വര്‍ഷത്തെ അന്വേഷണങ്ങളിലൂടെ ആണെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അവകാശവാദം

Update:2023-01-25 16:52 IST

Stock Image

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി അദാനി ഗ്രൂപ്പ്. ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നതാണെന്നും രാജ്യത്തെ കോടതികള്‍ ഉള്‍പ്പടെ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നാണ് ആരോപണം. രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒയിലൂടെ 20,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് സമാഹരിക്കാന്‍ ഒരുങ്ങുന്നത് ജനുവരി 27 മുതല്‍ 31 വരെയാണ് അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ് . അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 46,000 കോടിയോളം രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്ന ചോദ്യം

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത് രണ്ട് വര്‍ഷത്തെ അന്വേഷണങ്ങളിലൂടെ ആണെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അവകാശവാദം. സാമ്പത്തിക മേഖലയില്‍ പഠനം നടത്തുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ കൃത്രിമമായി ഉയര്‍ത്തിയെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനി ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനികളെ ഹിന്‍ഡന്‍ബെര്‍ഗ് പഠന വിധേയമാക്കി. ഈ കമ്പനികളുടെയെല്ലാം വ്യാപാരം യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ 85 ശതമാനത്തോളം ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഓഹരി വില ഉയര്‍ന്നതിലൂടെ 3 വര്‍ഷം കൊണ്ട് ഗൗതം അദാനിയുടെ ആസ്തി വര്‍ധിച്ചത് 100 ദശകോടി ഡോളറിലധികമാണ്. തങ്ങളുടെ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞാല്‍ പോലും അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക നില പരിശോധിച്ചാല്‍ ഓഹരി വില ഉയര്‍ന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

കമ്പനികളുടെ ഓഹരികള്‍ പണയപ്പെടുത്തി വായ്പ എടുത്തത് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക നില അപകടപ്പെടുത്തി. നികുതി വെട്ടിക്കാന്‍ യുഎഇ, കരീബിയന്‍ ദ്വീപുകള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ ഷെല്‍ കമ്പനികള്‍ അദാനി ഗ്രൂപ്പ് തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ നേതൃത്വത്തില്‍ മാത്രം മൗറീഷ്യസില്‍ 38ഓളം ഷെല്‍ കമ്പനികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

വ്യാജ ഇറക്കുമതി- കയറ്റുമതി രേഖകളിലൂടെ ലിസറ്റഡ് കമ്പനികളിലെ പണം അദാനി ഗ്രൂപ്പ് വകമാറ്റി. അദാനി ഗ്രൂപ്പിന്റെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ നിരവധി പേരുമായി സംസാരിക്കുകയും 1000 കണക്കിന് ഡോക്യുമെന്റുകള്‍ പരിശോധിക്കുകയും ചെയ്‌തെന്നും ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചു. റിപ്പോര്‍ട്ടിനൊടുവില്‍ ഗൗതം അദാനിക്ക് ഉത്തരം പറയാനായി 88 ചോദ്യങ്ങളും ഇവര്‍ നല്‍കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിനെതിരെ സെബി നടത്തുന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ബിസിനസില്‍ അദാനി കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തേടിക്കൊണ്ടുള്ളതാണ് ഈ ചോദ്യങ്ങള്‍.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags:    

Similar News