മൂന്ന് ദിവസത്തിനിടെ താഴ്ന്നത് 15 ശതമാനം, ഈ അദാനി കമ്പനിക്ക് ഇതെന്തുപറ്റി?

വിപണി മൂലധനം 85000 കോടി രൂപയില്‍ താഴെയായി

Update:2022-05-06 16:28 IST

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ തകര്‍ത്താടി മുന്നേറിയ കമ്പനിയാണ് അദാനി വില്‍മര്‍. 230 രൂപ പ്രൈസ് ബാന്‍ഡില്‍നിന്ന് നഷ്ടത്തോടെ 221 രൂപയ്ക്ക് ഫെബ്രുവരിയില്‍ ഓഹരി വിപണിയിലെത്തിയ ഈ കമ്പനി ഏപ്രില്‍ അവസാനം 878 രൂപ എന്ന ഉയര്‍ന്ന നിലയിലും എത്തിയിരുന്നു. ഏകദേശം 350 ശതമാനത്തിലധികം വളര്‍ച്ചയാണ് അന്ന് അദാനി വില്‍മര്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

എന്നാല്‍, കഴിഞ്ഞ മൂന്ന് ദിവസമായി ലോവര്‍ സര്‍ക്യൂട്ടിലേക്ക് വീഴുന്ന ഈ അദാനി കമ്പനി കണക്ക് കൂട്ടലുകള്‍ തെറ്റിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.87 ശതമാനം അഥവാ 112 രൂപയുടെ ഇടിവാണ് അദാനി വില്‍മറിന്റെ ഓഹരി വിലയിലുണ്ടായത്. ഇന്നും അഞ്ച് ശതമാനം ഇടിഞ്ഞതോടെ 646.20 രൂപ എന്ന നിലയിലാണ് ഈ ഓഹരി വ്യാപാരം നടത്തുന്നത്. വിപണി മൂലധനം 85000 കോടി രൂപയില്‍ താഴെയായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ കുത്തനെയുള്ള വര്‍ധനയെത്തുടര്‍ന്ന് മാര്‍ച്ച് പാദത്തില്‍ അദാനി വില്‍മറിന്റെ ഏകീകൃത അറ്റാദായത്തില്‍ 25.6 ശതമാനം ഇടിവ് രേഖപ്പെടുത്തി 234.29 കോടി രൂപയായി കുറഞ്ഞിരുന്നു. ഇതാണ് ഓഹരി വില ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍ ലിമിറ്റഡ്. ഭക്ഷ്യ എണ്ണ, ഗോതമ്പ് മാവ്, അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവയുടെ നിര്‍മാണത്തിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ എണ്ണ ബ്രാന്‍ഡായ ഫോര്‍ച്യൂണ്‍ എന്ന ജനപ്രിയ ബ്രാന്‍ഡും കമ്പനിക്ക് സ്വന്തമാണ്. ഈ ആഴ്ച ആദ്യം, പ്രശസ്ത ബസ്മതി റൈസ് ബ്രാന്‍ഡായ 'കോഹിനൂര്‍' ഏറ്റെടുക്കുന്നതായി അദാനി വില്‍മര്‍ പ്രഖ്യാപിച്ചിരുന്നു.


Tags:    

Similar News