എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍; അദാനി നേടിയത് 8.26 ശതമാനം ഓഹരികള്‍

37.44 ശതമാനം വിഹിതവുമായി എന്‍ഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി അദാനി ഗ്രൂപ്പ്. 26 ശതമാനം ഓഹരികള്‍ ലക്ഷ്യമിട്ട ഓപ്പണ്‍ ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത് 31.79 ശതമാനമാണ്. ഇന്റര്‍നാഷണല്‍ ന്യൂസ് ബ്രാന്‍ഡായി എന്‍ഡിടിവിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഗൗതം അദാനി വ്യക്തമാക്കിയിരുന്നു

Update: 2022-12-06 04:53 GMT

എന്‍ഡിടിവിയുടെ കൂടുതല്‍ ഓഹരികള്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് നടത്തിയ ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ 5ന് അവസാനിച്ചു. 13 ദിവസം നീണ്ട ഓപ്പണ്‍ ഓഫര്‍ 31.79 ശതമാനം ആണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 16.7 ദശലക്ഷം ഓഹരികള്‍ ലക്ഷ്യമിട്ട അദാനി ഗ്രൂപ്പിന് 5.32 ദശലക്ഷം ഓഹരികളാണ് നേടാനായത്. അതായത് 8.26 ശതമാനം ഓഹരികള്‍.

ഓപ്പണ്‍ ഓഫര്‍ അവസാനിച്ചതോടെ 37.44 ശതമാനം വിഹിതവുമായി എന്‍ഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി അദാനി ഗ്രൂപ്പ് മാറി. എന്‍ടിവിയിലെ ഏറ്റവും വലിയ നിക്ഷേപകന്‍ എന്ന നിലയില്‍, കമ്പനിയുടെ ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ അദാനിക്ക് ആവശ്യപ്പെടാം. ഓഹരി ഒന്നിന് 294 രൂപ നിരക്കിലായിരുന്നു ഓപ്പണ്‍ ഓഫര്‍.

ഓപ്പണ്‍ ഓഫറില്‍ കോര്‍പറേറ്റ് നിക്ഷേപകര്‍ വിറ്റത് 3.93 ദശലക്ഷം ഓഹരികളാണ്. റീട്ടെയില്‍ നിക്ഷേപകര്‍ 0.7 ശതമാനവും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബൈയേഴ്‌സ് 0.68 ശതമാനം ഓഹരികളും വിറ്റു. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിന്റെ 99.99 ശതമാനം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന വിശ്വപ്രധാന്‍ കൊമോഴ്‌സ്യലിനെ ഏറ്റെടുക്കുകയാണ് അദാനി ചെയ്തത്.

ഓപ്പണ്‍ ഓഫര്‍ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തിരുന്നെങ്കില്‍ എന്‍ഡിടിവിയിലെ അദാനി വിഹിതം 55.18 ശതമാനം ആയി ഉയര്‍ന്നേനെ. കഴിഞ്ഞ മാസം ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ബ്രാന്‍ഡായി എന്‍ഡിടിവിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വ്യക്തമാക്കിയിരുന്നു. നിലവില്‍ (10.30 AM) 378 രൂപയാണ് എന്‍ഡിടിവി ഓഹരികളുടെ വില.

Tags:    

Similar News