കേരളത്തിന് മറ്റൊരു എയര്‍ ഏഷ്യ സര്‍വീസ് കൂടി; വെറും ₹4,999ന് മലേഷ്യയിലേക്ക് പറക്കാം

നിലവില്‍ കൊച്ചിയില്‍ നിന്ന് നടത്തുന്ന സര്‍വീസിന് പുറമേയാണിത്;

Update:2023-11-22 16:20 IST

തിരുവനന്തപുരത്ത് നിന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ. നിലവില്‍ കൊച്ചിയില്‍ നിന്ന് നേരിട്ട് നടത്തുന്ന സര്‍വീസിന് പുറമേയാണിത്.

ആഴ്ചയില്‍ 4 ദിവസമാകും തിരുവനന്തപുരം-ക്വലാലംപൂര്‍ സര്‍വീസ്. 2024 ഫെബ്രുവരി 21ന് സര്‍വീസിന് തുടക്കമാകും. തിരുവനന്തപുരം-ക്വലാലംപൂര്‍ ഫ്ളൈറ്റുകള്‍ ഇന്ത്യന്‍ സമയം പുലർച്ചെ 12.25ന് പുറപ്പെടും.  മലേഷ്യന്‍ സമയം 7.05 ന് ലക്ഷ്യസ്ഥാനത്ത് ഇറങ്ങും.

തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മലേഷ്യന്‍ സമയം രാത്രി 10.30ന് ക്വലാലംപൂരില്‍ നിന്ന് പുറപ്പെടും, തിരുവനന്തപുരത്ത് രാത്രി 11.50ന് എത്തി ചേരും.  

പ്രാരംഭ ഓഫറായി 2024 ഫെബ്രുവരി 21 മുതല്‍ ഒക്‌റ്റോബര്‍ വരെ 4,999 രൂപയാണ് ടിക്കറ്റ് നിരക്ക് (one way). ഫെബ്രുവരി 21 മുതല്‍ ഒക്ടോബര്‍ 26 വരെ അനുവദനീയമായ സൗജന്യ ചെക്ക് ഇന്‍ ബാഗേജ് 20 കിലോയാണ്.

എയര്‍ ഏഷ്യ 2008ല്‍ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് ഇന്ത്യയില്‍ ആദ്യ സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരം നിലവില്‍ ഒമ്പതാമത്തെ റൂട്ടാണ്. നിലവില്‍ എയര്‍ ഏഷ്യ സേവനം നടത്തുന്ന നഗരങ്ങള്‍ കൊച്ചി, ബെംഗളൂരു, ഹൈദരബാദ്, ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, തിരുച്ചിറപ്പള്ളി, അമൃത്‌സര്‍ എന്നിവയാണ്.

തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെ എയര്‍ ഏഷ്യക്ക് ആകെ ഇന്ത്യയിൽ നിന്നുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 71 എണ്ണം എന്ന നിലയില്ക്കാകും.


Tags:    

Similar News