അമേരിക്കയിലും ഇന്ത്യയിലുമായി 12 യൂണിറ്റുകള്‍; അറിഞ്ഞോ? ഈ ഇലക്ട്രോണിക് നിര്‍മാതാക്കളും ലിസ്റ്റിംഗിന്
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,025 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്
ഓഹരി വിപണിയിലേക്ക് കടന്നുവരാനൊരുങ്ങി ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് സേവന സ്ഥാപനമായ അവലോണ്‍ ടെക്‌നോളജീസ് (Avalon Technologies ). പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,025 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 400 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും 625 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ (IPO) ഉള്‍പ്പെടുന്നത്. കൂടാതെ, 80 കോടി രൂപ സമാഹരിക്കുന്നതിന് ഒരു പ്രീഐപിഒ പ്ലേസ്‌മെന്റും കമ്പനി പരിഗണിച്ചേക്കും. ഇത് യാഥാര്‍ത്ഥമായാല്‍ ഐപിഒയുടെ വലുപ്പം കുറയും.
പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്നുള്ള വരുമാനം കടം അടയ്ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക.
1999ല്‍ സ്ഥാപിതമായ അവലോണ്‍ ഒരു എന്‍ഡ്ടുഎന്‍ഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസ് സൊല്യൂഷന്‍ പ്രൊവൈഡറാണ്. അമേരിക്കയിലും ഇന്ത്യയിലുമായി ഇതിന് 12 നിര്‍മാണ യൂണിറ്റുകളാണുള്ളത്. 2022 സാമ്പത്തിക വര്‍ഷം വരെ, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 840 കോടി രൂപയായിരുന്നു.