അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠാദിന അവധി: ഐ.പി.ഒ, ലിസ്റ്റിംഗ് തീയതികളിലും മാറ്റം

മാറ്റിവച്ചത് നോവ അഗ്രിടെക്കിന്റെ ഉള്‍പ്പെടെ ഐ.പി.ഒ

Update: 2024-01-22 12:08 GMT

Image : Canva

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ (പ്രാണപ്രതിഷ്ഠ) പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് (ജനുവരി 22) അവധി പ്രഖ്യാപിച്ചതോടെ മാറ്റിവയ്ക്കപ്പെട്ടത് നിരവധി ഐ.പി.ഒകളും ലിസ്റ്റിംഗുകളും.

ഇപാക്ക് ഡ്യൂറബിളിന്റെ 640 കോടി രൂപ ഉന്നമിട്ടുള്ള പ്രാരംഭ ഓഹരി വില്‍പന (IPO) നാളെ അവസാനിക്കേണ്ടതായിരുന്നു. ഇത് ജനുവരി 24ലേക്ക് നീളും. ഓഹരി ജനുവരി 29ന് ലിസ്റ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു. ലിസ്റ്റിംഗ് 30ലേക്ക് മാറ്റി.
143.8 കോടി രൂപ ഉന്നമിടുന്ന നോവ അഗ്രിടെക്കിന്റെ ഐ.പി.ഒ ഇന്നാരംഭിച്ച് 24ന് അവസാനിക്കേണ്ടതായിരുന്നു. ഐ.പി.ഒ 23ന് ആരംഭിച്ച് 25ന് അവസാനിക്കുന്ന തരത്തിലേക്ക് പുനഃക്രമീകരിച്ചു. ലിസ്റ്റിംഗ് ജനുവരി 30ല്‍ നിന്ന് 31ലേക്കും മാറ്റി.
ഇന്നായിരുന്നു മെഡി അസിസ്റ്റ് ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ് ലിസ്റ്റ് ചെയ്യേണ്ടിയിരുന്നത്. ലിസ്റ്റിംഗ് നാളേക്ക് മാറ്റി. 1,172 കോടി രൂപയുടെ ഐ.പി.ഒ ജനുവരി 15 മുതല്‍ 17 വരെയാണ് നടന്നത്.
എസ്.എം.ഇ ശ്രേണിയിലും മാറ്റങ്ങള്‍
സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (SME) ശ്രേണിയില്‍ ഇന്നുമുതല്‍ 24 വരെ നടക്കേണ്ടിയിരുന്ന ബ്രിസ്‌ക് ടെക്‌നോവിഷന്റെ ഐ.പി.ഒ 23 മുതല്‍ 25വരെയായി പുനര്‍നിശ്ചയിച്ചു. ലിസ്റ്റിംഗ് ജനുവരി 30ല്‍ നിന്ന് 31ലേക്ക് മാറ്റിയിട്ടുമുണ്ട്.
ക്വോളിടെക് ഐ.പി.ഒ ഇന്ന് അവസാനിക്കേണ്ടത് നാളേക്ക് നീട്ടി. യൂഫോറിയ ഇന്‍ഫോടെക്, കോന്‍സ്‌റ്റെലെക് എന്‍ജിനിയേഴ്‌സ്, ആഡിക്റ്റീവ് ലേണിംഗ് ടെക്‌നോളജി എന്നിവയുടെ ഐ.പി.ഒ നാളെയാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് ജനുവരി 24ലേക്ക് മാറ്റി. ഇവയുടെ ലിസ്റ്റിംഗ് ജനുവരി 29ന് പകരം 30നും നടക്കും. ഇന്ന് അരങ്ങേറേണ്ടിയിരുന്ന മാക്‌സ്‌പോഷര്‍ ഓഹരികളുടെ ലിസ്റ്റിംഗും നാളെയാണ് നടക്കുക.
Tags:    

Similar News