ലിസ്റ്റിംഗിനൊരുങ്ങി ബാലാജി സൊല്യൂഷന്‍സും

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

Update: 2022-08-17 11:43 GMT

ഐടി ഹാര്‍ഡ്വെയര്‍, മൊബൈല്‍ ആക്സസറീസ് സ്ഥാപനമായ ബാലാജി സൊല്യൂഷന്‍സും (Balaji Solutions) ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം ഐപിഒയിലൂടെ 120 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും 75 ലക്ഷം വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്. യോഗ്യരായ ജീവനക്കാര്‍ക്ക് സബ്സ്‌ക്രിപ്ഷനുകള്‍ക്കുള്ള റിസര്‍വേഷനും ഓഫറില്‍ ലഭ്യമാകും.

24 കോടി രൂപ വരെയുള്ള പ്രീ-ഐപിഒ പ്ലേസ്മെന്റും കമ്പനി പരിഗണിച്ചേക്കും. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഐപിഒയുടെ വലുപ്പം കുറഞ്ഞേക്കും. പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്നുള്ള വരുമാനം പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക. ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, സെക്യൂരിറ്റീസ്, അഫിനിറ്റി ഗ്ലോബല്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
2022 സാമ്പത്തിക വര്‍ഷത്തില്‍ 482.25 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷമിത് 483.48 കോടി രൂപയായിരുന്നു. കൂടാതെ, നികുതിക്ക് ശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷം 16.25 കോടി രൂപയില്‍ നിന്ന് 2022 ല്‍ 15.39 കോടി രൂപയായി കുറഞ്ഞു.


Tags:    

Similar News