പുതു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഐ.പി.ഒയുമായി ഭാരതി ഹെക്‌സകോം; വിലയും വിശദാംശങ്ങളും അറിയാം

ഭാരതി എയര്‍ടെല്ലിന്റെ ഉപകമ്പനിയാണിത്

Update: 2024-03-27 11:42 GMT

Image : Canva

ഇന്ത്യയിലെ മുന്‍നിര ടെലിഫോണ്‍ സേവനദാതാക്കളായ ഭാരതി ഹെക്‌സകോം ലിമിറ്റഡിന്റെ (Bharti Hexacom) പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ) ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഐ.പി.ഒ ആയിരിക്കുമിത്. ഭാരതി എയര്‍ടെല്ലിന്റെ ഉപകമ്പനിയാണിത്. നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലാണ് (ഒ.എഫ്.എസ്) ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

ഐ.പി.ഒ വഴി കമ്പനിയുടെ ഏക പൊതു ഓഹരി ഉടമകളായ ടെലികമ്മ്യൂണിക്കേഷന്‍ ഇന്ത്യയുടെ കൈവശമുള്ള 7.5 കോടി ഓഹരികള്‍ വിറ്റഴിക്കും. ഇത് കമ്പനിയുടെ 15 ശതമാനം ഓഹരികള്‍ വരും. കമ്പനിയുടെ 70 ശതമാനം ഓഹരികള്‍ (35 കോടി) ഭാരതി എയര്‍ടെല്ലും ബാക്കി 30 ശതമാനം (ഏകദേശം 15 കോടി) ടെലികമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യയുമാണ് കൈവശം വെക്കുന്നത്.
അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 542 രൂപ മുതല്‍ 570 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 26 ഓഹരികള്‍ക്കും തുടര്‍ന്ന് 26ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
എയര്‍ടെല്‍ ബ്രാന്‍ഡിനു കീഴിലായി രാജസ്ഥാന്‍, നോര്‍ത്ത് ഈസ്റ്റ് സര്‍ക്കിളുകളില്‍ കണ്‍സ്യൂമര്‍ മൊബൈല്‍, ഫിക്‌സഡ് ലൈന്‍ ടെലഫോണ്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഹെക്‌സാകോം. രണ്ട് സര്‍ക്കിളുകളിലായി 2.91 കോടി ഉപയോക്താക്കള്‍ കമ്പനിക്കുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 67.2 ശതമാനം ഇടിഞ്ഞ് 549.2 കോടി രൂപയായിരുന്നു. അതേസമയം വരുമാനം 2.17 ശതമാനം വളര്‍ച്ചയോടെ 6,579 കോടി രൂപയുമായിരുന്നു.
Tags:    

Similar News