വിപണി മൂല്യം ലക്ഷം കോടി ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍
നേട്ടത്തിന്റെ കാര്യത്തില്‍ ഓഹരികളെയും സ്വര്‍ണത്തെയും കടത്തിവെട്ടി
ഇതാദ്യമായി വിപണി മൂല്യം ലക്ഷം കോടി ഡോളര്‍ കടന്ന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയ്ന്‍. നേട്ടത്തിന്റെ കാര്യത്തില്‍ ഓഹരികളെയും സ്വര്‍ണത്തെയും കടത്തിവെട്ടിയാണ് ബിറ്റ്‌കോയ്ന്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. 2021 ല്‍ മാത്രം 450 ശതകോടി ഡോളറാണ് ബിറ്റ്‌കോയ്‌ന്റെ മൂല്യം ഉയര്‍ന്നതെന്ന് ദി ബ്ലൂംബെര്‍ഗ് ഗാലക്‌സി ക്രിപ്‌റ്റോ ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നു.
ഊഹകച്ചവടക്കാര്‍, കോര്‍പറേറ്റ് ട്രേഷറേര്‍ഴ്‌സ്, വന്‍കിട നിക്ഷേപകര്‍ തുടങ്ങിയവരാണ് ഈ മൂല്യവര്‍ധനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പം പോലുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ബിറ്റ്‌കോയ്‌ന് ആവുമെന്ന വിശ്വാസമാണ് ഇവരെ നിക്ഷേപത്തിലേക്ക് ആകര്‍ഷിച്ചത്. അതേസമയം ക്രിപ്‌റ്റോ വിശ്വാസികള്‍ ഈ മുന്നേറ്റത്തെ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അതേസമയം യാതൊരു ഉറപ്പുമില്ലാത്ത നിക്ഷേപമായി മാറുമോ ക്രിപ്‌റ്റോകറന്‍സിയെന്ന് ആശങ്കപ്പെടുന്നവരും ഏറെയാണ്. വിപണി മൂല്യം ഉണ്ടെന്നത് കൊണ്ടുമാത്രം ബിറ്റ്‌കോയ്ന്‍ ആശ്രയിക്കാവുന്ന നിക്ഷേപമായി അവര്‍ കരുതുന്നില്ല. ക്രിപ്‌റ്റോകറന്‍സി നെറ്റ് വര്‍ക്കിന്റെ മേലുള്ള വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ് ഈ മൂല്യം നിലകൊള്ളുന്നത് എന്നതാണ് കാര്യം. സര്‍ക്കാരില്‍ നിന്നടക്കം ഔദ്യോഗികമായ ഒരു സുരക്ഷയും ഇല്ലെന്നതാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന പോരായ്മ.
എന്നാല്‍ ഏതൊരു ഓഹരിയെയും സ്വര്‍ണത്തെയും മറ്റേതൊരു കമ്മോഡിറ്റിയേക്കാളും മികച്ച പ്രകടനമാണ് ക്രിപ്‌റ്റോ ഇന്‍ഡക്‌സ് നല്‍കുന്നതെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു.
ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് അടുത്തിടെയാണ് 1.5 ശതകോടി ഡോളര്‍ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കന്‍ കോര്‍പറേറ്റുകള്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്നാണ് ഇത് വെളിവാക്കുന്നത്.