ഐപിഒയ്ക്ക് മുന്നോടിയായി ബോണസ് ഓഹരി നല്‍കാനൊരുങ്ങി ഡെല്‍ഹിവെറി

പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Update: 2021-10-04 05:00 GMT

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി നിലവിലെ ഓഹരി ഉടമകള്‍ക്ക് ബോണസ് ഷെയറുകള്‍ നല്‍കാനൊരുങ്ങി ഡെല്‍ഹിവെറി. സെബിക്ക് സമര്‍പ്പിച്ച രേഖകളിലാണ്, ലോജിസ്റ്റിക് കമ്പനിയായ ഡെല്‍ഹിവെറി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 29 ന് ചേര്‍ന്ന ഇജിഎമ്മിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 6.8 ദശലക്ഷം ബോണസ് ഓഹരികളാണ് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കി. രേഖകള്‍ പ്രകാരം, ഏകദേശം 90 വ്യക്തികളും സ്ഥാപനങ്ങളുമാണ് ഈ ബോണസ് ഷെയറുകളുടെ ഗുണഭോക്താക്കള്‍.

അതേസമയം, സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട്, കാര്‍ലൈല്‍ ഗ്രൂപ്പ് എന്നിവയുടെ പിന്തുണയുള്ള കമ്പനി ഏകദേശം ഒരു ബില്യണ്‍ ഡോളറാണ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെയായിരിക്കും ഐപിഒ. കൂടാതെ, ഐപിഒയ്ക്ക് മുന്നോടിയായി നിരവധി നിക്ഷേപങ്ങളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബലിന്റെ മുന്‍ പങ്കാളിയായ ലീ ഫിക്‌സല്‍ 125 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഓഗസ്റ്റില്‍, ഫെഡ്എക്‌സ് എക്‌സ്പ്രസില്‍ നിന്ന് കമ്പനി 100 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ജൂണ്‍ ആദ്യത്തില്‍ ജിഐസി ആന്റ് ഫിഡിലിറ്റിയില്‍നിന്ന് 275 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചത്.
സഹില്‍ ബറുവ, മോഹിത് ടണ്ടന്‍, ഭവേഷ് മംഗ്ലാനി, സൂരജ് സഹാറന്‍, കപില്‍ ഭാരതി എന്നിവര്‍ സ്ഥാപിച്ച ഡല്‍ഹിവെറി ഒരു എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക് സേവന കമ്പനിയാണ്.


Tags:    

Similar News