പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്, കാംലിൻ ഫൈൻ സയൻസസ് ഓഹരികൾ പരിഗണിക്കാം
ഭക്ഷണത്തിന് രുചിയും മണവും കൂടുതൽ ദിവസം സൂക്ഷിക്കാനുമുള്ള രാസപദാർത്ഥങ്ങൾ നിർമിക്കുന്ന ആഗോള കമ്പനിയാണ് കാംലിൻ ഫൈൻ സയൻസസ്
എല്ലാവർക്കും സുപരിചിതമായ കാംലിൻ ഇൻസ്ട്രുമെന്റ് ബോക്സും, പേനയും പെൻസിലും മറ്റും നിർമ്മിക്കുന്ന കമ്പനിയുടെ ഫാർമ ബിസിനസിനെ വേർപെടുത്തി 2006 ൽ പ്രത്യേക കമ്പനിയായിയായി സ്ഥാപിച്ചതാണ് കാംലിൻ ഫൈൻ സയൻസസ് (Camlin Fine Sciences Ltd ). 1931 ൽ കാംലിൻ സ്ഥാപിച്ച ഡി പി ദണ്ഡേക്കറുടെ ചെറുമകൻ ആശിഷ് ദണ്ഡേക്കറിന്റെ ദീർഘ വീക്ഷണത്തിൽ നിന്നാണ് കാംലിൻ ഫൈൻ സയൻസസ് പിറവിയെടുക്കുന്നത്.
വളരെ വേഗം പല ഉൽപന്നങ്ങളുടെയും ലോക ആധിപത്യം നേടാൻ കമ്പനിക്ക് സാധിച്ചു. ടെർഷ്യറി ബ്യുട്ടൈൽ ഹൈഡ്രോ ക്വിനോൻ (tertiary butyl hydro quinone) എന്ന ആന്റി ഓക്സിഡന്റിന്റെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകരാണ് കാംലിൻ ഫൈൻ . ഭക്ഷ്യ എണ്ണയും മൃഗ കൊഴുപ്പും കേടാകാതെ സൂക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. വളർത്തു മൃഗങ്ങളുടെ ഭക്ഷണം, ഭക്ഷ്യ ഉൽപന്നങ്ങളും പാനീയങ്ങളും, ജൈവ ഇന്ധനം തുടങ്ങി വൈവിധ്യ മായ വയവസായങ്ങൾക്ക് വേണ്ട രാസ പദാർത്ഥങ്ങൾ നിര്മിക്കുന്നതിലൂടെ ലോക പ്രശസ്തി നേടിയ കമ്പനിയാണ് കാംലിൻ ഫൈൻ സയൻസസ്സയൻസസ്. യൂറോപ്പിലും, അമേരിക്കയിലും ബ്രസീലിലും, ചൈനയിലും സബ്സിഡിയറി കമ്പനികൾ ഉണ്ട്.
മറ്റ് രാജ്യങ്ങളിൽ ഏറ്റെടുക്കലുകളിലൂടെയും പുതിയ നിക്ഷേപങ്ങൾ നടത്തിയും അതി വേഗം വളർന്ന കമ്പനിയാണ് കാംലിൻ ഫൈൻ സയൻസസ്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ ചരിത്രവും ഉണ്ട്. ഒരു ഇറ്റാലിയൻ കമ്പനി ഏറ്റെടുത്തപ്പോൾ അവരുടെ ഒരു രാസപദാർത്ഥം (catechol) നിർമിക്കുന്ന യൂണിറ്റ് നഷ്ടത്തിലായിരുന്നു. അത് ഉപയോഗിച്ച് വാനില്ലിൻ എന്ന രാസപദാർത്ഥം ഉൽപാദിപ്പിക്കാനുള്ള വിദ്യ കണ്ടുപിടിച്ചതോടെ ഇറ്റാലിയൻ ബിസിനസും അഭിവൃദ്ധിപ്പെട്ടു.
2021-22-ും പ്രതിസന്ധി നിറഞ്ഞ വർഷമായിരുന്നു യൂറോപ്യൻ സബ്സിഡിയറികൾക്ക് ഉയർന്ന ഇന്ധന, വൈദ്യതി ചെലവുകൾ കാരണം 70 ദശലക്ഷം രൂപയുടെ നഷ്ടം നേരിട്ടൂ. വാനില രസം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന വാനിലിൻ ഉൽപാദനം ഗുജറാത്തിലെ ദഹേജ് ഉല്പാദന കേന്ദ്രത്തിൽ ജൂലൈ യിൽ ആരംഭിക്കുന്നതോടെ ബിസിനസ് മെച്ചപ്പെടുമെന്ന് കരുതുന്നു.
2021-22 ൽ നാലാം പാദത്തിൽ വരുമാനം 19.2 ശതമാനം വർധിച്ച് 389.23 കോടി രൂപയായി. പ്രവർത്തന ലാഭത്തിലും അറ്റാദായത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ദഹേജിലെ ഉൽപാദന കേന്ദ്രം അടച്ചിടേണ്ടി വന്നതാണ് പ്രതിസന്ധികൾക്ക് കാരണം. ഭക്ഷണ ത്തിന് രുചിയും മണവും നൽകുന്ന ഹീലിയോ ട്രോപ്പിൻ (Heliotropin) എന്നൊരു പുതിയ രാസപദാർത്ഥം ഇന്ത്യയിൽ നിർമിച്ച് യൂറോപ്യൻ വിപണിയിൽ വിറ്റഴിക്കാൻ സാധിക്കുമെന്ന് കരുതുന്നു. ദഹേജിൽ ഡൈഫീനോൾ, വാനിലിൻ തുടങ്ങിയവ ഉൽപാദനം ആരംഭിക്കുന്നതോടെ വരും വർഷങ്ങളിൽ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കാം. ചൈനയിൽ മുടങ്ങി കിടക്കുന്ന ഉൽപ്പാദനം അനുമതികൾ ലഭിക്കുന്നതോടെ പുനരാരംഭിക്കാൻ സാധിക്കും.
അടുത്ത രണ്ടു വർഷം 700 -1000 ദശലക്ഷം രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തുന്നത്. പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കിയും, ഉൽപാദനം വർധിപ്പിച്ചും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം
വാങ്ങുക ലക്ഷ്യ വില -170 രൂപ
നിലവിൽ 115
(Stock Recommendation by Nirmal Bang Research)