ക്രിസ് വുഡ് ചെയ്യുന്നതുകണ്ടോ? സ്വര്‍ണം വിറ്റ് ബിറ്റ്‌കോയിന്‍ വാങ്ങുന്നു!

നിക്ഷേപകര്‍ക്കുള്ള പ്രതിവാര സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Update: 2021-11-05 05:42 GMT

ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപ താല്‍പ്പര്യം വര്‍ധിപ്പിച്ച് ജെഫ്രീസ് ഇക്വിറ്റി സ്ട്രാറ്റജി ഗ്ലോബല്‍ ഹെഡ് ക്രിസ്റ്റഫര്‍ വുഡ്. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ലഭിച്ചുവരുന്ന സ്വീകാര്യതയും സുരക്ഷിതമായ ദീര്‍ഘകാല ആസ്തിയെന്ന തലത്തിലേക്ക് അത് ഉയര്‍ന്നുവരുന്നതിന്റെ സൂചനയുമാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു.

അമേരിക്കയില്‍ ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) വന്നതും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഇപ്പോള്‍ ഈ ആസ്തി നിക്ഷേപത്തിന് യോജ്യമാകുന്നുവെന്ന നിരീക്ഷണമാണ് നിക്ഷേപകര്‍ക്കുള്ള പ്രതിവാര സന്ദേശത്തില്‍ ക്രിസ് വുഡ് നടത്തിയിരിക്കുന്നത്.

ഗൂഢ കറന്‍സികള്‍ക്കെതിരെ ചൈനീസ് ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കു ശേഷം ബിറ്റ് കോയ്ന്‍ മികച്ച രീതിയില്‍ തിരിച്ചുവന്നിരുന്നു. പരമ്പരാഗത ഫിനാന്‍സ് രീതികളെ ക്രിപ്‌റ്റോ മാറ്റി മറിക്കുമെന്ന നിരീക്ഷണമാണ് ക്രിസ് വുഡിന്റേത്.

അതേ സമയം സ്വര്‍ണത്തിന്റെ ഡിമാൻഡ്  കുറഞ്ഞുവരികയാണ്. സ്വര്‍ണത്തിന്റെ ആഗോള ഡിമാന്റിൽ  വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ് ശതമാനം കുറവും ത്രൈമാസ അടിസ്ഥാനത്തില്‍ 13 ശതമാനം കുറവുമാണ് 2021ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണാഭരണ ഡിമാൻഡ്  ഉയരുന്നുണ്ടെങ്കിലും നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള പണമൊഴുക്ക് കുറയുന്നുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഗോള്‍ഡ് ഡിമാന്റ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Tags:    

Similar News