ഇന്ത്യയില്‍ ക്രിപ്‌റ്റോ ട്രേഡിംഗ് സേവനങ്ങള്‍ പ്രഖ്യാപിച്ച് കോയിന്‍ബേസ്

ഈ വര്‍ഷം രാജ്യത്ത് 1000 നിയമനങ്ങളാണ് കമ്പനി നടത്തുക

Update: 2022-04-08 09:41 GMT

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിന്‍ ബേസ് ഇന്ത്യയില്‍ സേവനങ്ങള്‍ ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആണ് കോയിന്‍ബേസ്. ഇനിമുതല്‍ കോയിന്‍ ബേസിലുള്ള 157 ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനും വില്‍ക്കാനും സാധിക്കും.

ബെംഗളൂരുവില്‍ നടന്ന ഒരു ക്രിപ്‌റ്റോ ഈവന്റിലാണ് ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കുന്ന കാര്യം കമ്പനി അറിയിച്ചത്. ഇന്ത്യക്കാര്‍ക്കായി ചാറ്റ് സപ്പോര്‍ട്ട്, ആദ്യം എത്തുന്ന ഉപഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍, റെഫറല്‍ പ്രോഗ്രാം തുടങ്ങിയവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആദ്യ പര്‍ച്ചേസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 201 രൂപയാണ് റിവാര്‍ഡായി കോയിന്‍ബേസ് നല്‍കുക.
യുപിഐ പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ച് ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനുള്ള സൗകര്യവും കോയിന്‍ബേസ് പ്ലാറ്റ്‌ഫോമില്‍ ഉണ്ടാവും. ഇന്ത്യയില്‍ വലിയ നിക്ഷേപ ലക്ഷ്യങ്ങളാണ് കോയിന്‍ബേസിന് ഉള്ളത്. ഇന്ത്യന്‍ ക്രിപ്‌റ്റോ, വെബ്ബ്3 കമ്പനികളില്‍ ഇതുവരെ 150 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കോയിന്‍ബേസ് നടത്തിയിട്ടുള്ളത്. കൂടാതെ ഈ വര്‍ഷം ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 300ല്‍ നിന്ന് 1300ലേക്ക് കമ്പനി ഉയര്‍ത്തും.


Tags:    

Similar News