9400 കോടി രൂപ വേണം, പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത് ഈ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്

കഴിഞ്ഞ മാസമാണ് പ്ലാറ്റ്‌ഫോമിലെ ക്രിപ്‌റ്റോ ഇടപാടുകള്‍ നിര്‍ത്തി വെച്ചത്

Update: 2022-07-15 12:00 GMT

പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത യുഎസ് ക്രിപ്‌റ്റോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം സെല്‍ഷ്യസിന്റെ (Celsius Bankruptcy Filing) ബാലന്‍സ് ഷീറ്റില്‍ 1.19 ബില്യണ്‍ ഡോളറിന്റെ കമ്മി (Deficit). കഴിഞ്ഞ മാസമാണ് പ്ലാറ്റ്‌ഫോമിലെ ക്രിപ്‌റ്റോ ഇടപാടുകള്‍ കമ്പനി നിര്‍ത്തി വെച്ചത്. പണം പിന്‍വലിക്കന്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു സെല്‍ഷ്യസിന്റെ ഈ നടപടി.

സെല്‍ഷ്യസിന്റെ നീക്കം ക്രിപ്‌റ്റോ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുകയും മറ്റ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളെ ഉള്‍പ്പടെ ബാധിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത സിംഗപൂര്‍ കമ്പനി ത്രീ ആരോസ് ക്യാപിറ്റല്‍ 40 മില്യണ്‍ ഡോളറാണ് സെല്‍ഷ്യസിന് നല്‍കാനുള്ളത്.

ജൂലൈ 13ലെ കണക്ക് അനുസരിച്ച് സെല്‍ഷ്യസ് നല്‍കിയ 23,000 വായ്പാ കുടിശികകളില്‍ നിന്നായി 411 മില്യണ്‍ ഡോളര്‍ കമ്പനിക്ക് ലഭിക്കാനുമുണ്ട്.

765.5 മില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ ആസ്തികള്‍ ഈടായി മേടിച്ചാണ് സെല്‍ഷ്യസ് ഈ വായ്പകള്‍ നല്‍കിയത്. ക്രിപ്‌റ്റോ വായ്പ നല്‍കുന്ന മറ്റൊരു അമേരിക്കന്‍ പ്ലാറ്റ്‌ഫോം വൊയേജര്‍ ഡിജിറ്റല്‍ ലിമിറ്റഡ് ഈ മാസം ആദ്യം ഇടപാടുകള്‍ അവസാനിപ്പിച്ച് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

സിംഗപ്പൂര്‍ ആസ്ഥാനമായ, ഇന്ത്യയില്‍ അടക്കം ഉപഭോക്താക്കളുള്ള ക്രിപ്‌റ്റോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം വോള്‍ഡും ഇടപാടുകള്‍ അവസാനിപ്പിച്ചിരുന്നു.

Tags:    

Similar News