സി.എസ്.ബി ബാങ്കില്‍ ഫെയര്‍ഫാക്‌സിന് 26% ഓഹരി പങ്കാളിത്തം തുടരാം, ഉണര്‍വില്ലാതെ ഓഹരി വില

ഫെയര്‍ഫാക്‌സിന് നേട്ടമായത് ഉദയ് കോട്ടക്-റിസര്‍വ് ബാങ്ക് പോര്

Update:2023-12-01 11:22 IST

Image : CSB Bank,Fairfax,RBI

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്കില്‍ പരമാവധി 26 ശതമാനം വരെ ഓഹരി പങ്കാളിത്തം നിലനിറുത്താന്‍ പ്രമോട്ടര്‍മാരായ എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് (FIHM) റിസര്‍വ് ബാങ്കിന്റെ അനുമതി.

ഓഹരി പങ്കാളിത്തം 15 ശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ് റിസര്‍വ് ബാങ്ക് നേരത്തേ നിര്‍ദേശിച്ചിരുന്നത്. ഈ ആവശ്യമാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ തിരുത്തിയതെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ സി.എസ്.ബി ബാങ്ക് വ്യക്തമാക്കി.
എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്
ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ വി. പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സിന്റെ ഉപസ്ഥാപനമാണ് എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (FIHM). മൂലധന പ്രതിസന്ധി നേരിട്ടിരുന്ന പഴയ കാത്തലിക് സിറിയന്‍ ബാങ്കില്‍ 2018ലാണ് ഫെയര്‍ഫാക്‌സ് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്. 1,180 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. ഓഹരി ഒന്നിന് 140 രൂപ വീതമായിരുന്നു ഇടപാട്.
തുടര്‍ന്നാണ് ബാങ്കിന്റെ പേര് സി.എസ്.ബി ബാങ്ക് എന്നാക്കിയത്. 2019 നവംബറില്‍ സി.എസ്.ബി ബാങ്ക് ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തി. ഐ.പി.ഒയില്‍ ഓഹരി പങ്കാളിത്തം എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 51 ശതമാനത്തില്‍ നിന്ന് 49.72 ശതമാനത്തിലേക്ക് താഴ്ത്തി. 195 രൂപയ്ക്കായിരുന്നു ഐ.പി.ഒ. 275 രൂപയ്ക്കായിരുന്നു ലിസ്റ്റിംഗ്.
വഴിയൊരുക്കി റിസര്‍വ് ബാങ്ക്-ഉദയ് കോട്ടക് പോര്
റിസര്‍വ് ബാങ്കും കോട്ടക് മഹീന്ദ്ര ബാങ്ക് പ്രമോട്ടറായ ഉദയ് കോട്ടകും തമ്മിലെ പോരാണ് ഇപ്പോള്‍ ഫെയര്‍ഫാക്‌സിനും നേട്ടമായത്. ബാങ്കിലെ പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം ഘട്ടംഘട്ടമായി പരമാവധി 15 ശതമാനത്തിലേക്ക് താഴ്ത്തണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.
ഇതിനെതിരെ ഉദയ് കോട്ടക് കോടതിയിലെത്തി. തുടര്‍ന്ന്, റിസര്‍വ് ബാങ്ക് കുറഞ്ഞത് 26 ശതമാനം ഓഹരി പങ്കാളിത്തമാകാമെന്ന് തീരുമാനമെടുത്തു. ഇതോടെ ഉദയ് കോട്ടക് കേസും പിന്‍വലിച്ചു. റിസര്‍വ് ബാങ്കിന്റെ ഈ നടപടിയുടെ പിന്‍ബലമാണ് നിലവില്‍ എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ഓഹരി പങ്കാളിത്തം സി.എസ്.ബി ബാങ്കില്‍ 26 ശതമാനം വരെയാകാമെന്ന നിലപാടിന് പിന്നിലുമുള്ളത്.
49.72 ശതമാനം, മൂല്യം 3,375 കോടി
സി.എസ്.ബി ബാങ്കില്‍ നിലവില്‍ 49.72 ശതമാനമാണ് എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് ഓഹരി പങ്കാളിത്തം. നിലവിലെ ഓഹരി വിലയായ 390 രൂപ പരിഗണിച്ചാല്‍ ഏകദേശം 3,375 കോടി രൂപയാണ് നിക്ഷേപ മൂല്യം.
ഈ ഓഹരി പങ്കാളിത്തം 5 വര്‍ഷത്തിനകം 40 ശതമാനത്തിലേക്കും 10 വര്‍ഷത്തിനകം 30 ശതമാനത്തിലേക്കും 15 വര്‍ഷത്തിനകം 15 ശതമാനത്തിലേക്കും കുറയ്ക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ആദ്യ നിര്‍ദേശം. ഇതാണ് ഇപ്പോള്‍ 15 വര്‍ഷത്തിനകം 26 ശതമാനമായി നിലനിറുത്താമെന്ന് തിരുത്തിയത്. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് സി.എസ്.ബി ബാങ്കില്‍ 2.17 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം, റിസര്‍വ് ബാങ്കിന്റെ തീരുമാനം സി.എസ്.ബി ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്ന് കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. 0.13 ശതമാനം നേട്ടത്തോടെ 388.60 രൂപയിലാണ് എന്‍.എസ്.ഇയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഫെയര്‍ഫാക്‌സ് ഇന്ത്യ
കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2014ല്‍ വി. പ്രേം വത്സ ആരംഭിച്ച നിക്ഷേപക സ്ഥാപനമാണ് ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേഷന്‍. ടൊറന്റോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണിത്. ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സാണ് നിയന്ത്രണ സ്ഥാപനം.
സി.എസ്.ബി ബാങ്കിന് പുറമേ ഐ.ഐ.എഫ്.എല്‍., 5പൈസ കാപ്പിറ്റല്‍, ഫെയര്‍കെം ഓര്‍ഗാനിക്‌സ്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് തുടങ്ങിയവയിലും എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് ഓഹരി പങ്കാളിത്തമുണ്ട്. ബംഗളൂരു വിമാനത്താവള കമ്പനിയില്‍ (BIAL) 57 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
Tags:    

Similar News