ക്രിപ്‌റ്റോ ആസ്തികള്‍ക്കൊപ്പം ഡിജിറ്റല്‍ ഗോള്‍ഡിനും നിയന്ത്രണങ്ങള്‍ ?
സെബിയും ആര്‍ബിഐയും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള പണിപ്പുരയില്‍.
കോവിഡ് കാലത്താണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഡിജിറ്റല്‍ ഗോള്‍ഡും ക്രിപ്‌റ്റോകറന്‍സികളും ഉള്‍പ്പെടെ ഡിജിറ്റല്‍ ആസ്തികള്‍ക്കും ഇത്രമേല്‍ ഒരു വര്‍ധനവുണ്ടാകുന്നത്. എന്നാല്‍ അത്തരം നിക്ഷേപങ്ങളിലെ അനിയന്ത്രിതമായ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ക്രിപ്‌റ്റോ ആസ്തികള്‍ക്കൊപ്പം ഡിജിറ്റല്‍ സ്വര്‍ണ്ണവും ചില നിയന്ത്രണ മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടുവരാന്‍ ധനമന്ത്രാലയവും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡും (സെബി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇതിനായി നിയമക്രമങ്ങള്‍ സജ്ജമാക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി, ഡിജിറ്റല്‍ സ്വര്‍ണ്ണത്തെ ഒരു സെക്യൂരിറ്റിയായി തരംതിരിക്കാന്‍ പാകത്തിന് സര്‍ക്കാര്‍ സെബി ആക്ടും സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് റെഗുലേഷന്‍ ആക്ടും ഭേദഗതി ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിപ്റ്റോ ആസ്തികള്‍ക്കായുള്ള ദീര്‍ഘകാല സ്ട്രാറ്റജികള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച റെഗുലേറ്റര്‍മാരുമായി ഒരു മീറ്റിംഗ് നടത്തിയിരുന്നു. 'ക്രിപ്റ്റോ ഫിനാന്‍സുമായി ബന്ധപ്പെട്ട അവസരങ്ങളും വെല്ലുവിളികളും' സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകള്‍ അറിയാന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിങ്കളാഴ്ച ഓഹരി ഉടമകളുമായി ഒരു മീറ്റിംഗ് നടത്തുകയും ചെയ്തു.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് സെബി നിയമത്തിന്റെ ലംഘനമാണെന്നും അതിന്റെ അനന്തരഫലമായി പിഴയും ശിക്ഷാ നടപടികളും ചില സന്ദര്‍ഭങ്ങളില്‍ ലൈസന്‍സ് റദ്ദാക്കലിനും ഇടയാകുമായിരുന്നുവെന്നുമാണ് സെബി പറയുന്നത്. ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കുന്ന ചില ഫിന്‍ടെക് കമ്പനികള്‍ക്ക് അത്തരം വില്‍പ്പന നിര്‍ത്തേണ്ടിവന്നതായും സെബി ചൂണ്ടിക്കാട്ടി. ചില ധനകാര്യ സ്ഥാപനങ്ങളുടെ മാതൃകമ്പനികളും ഡിജിറ്റല്‍ സ്വര്‍ണം വാഗ്ദാനം ചെയ്യുന്നത് ഒഴിവാക്കി.
പുതിയ നിയമവ്യവസ്ഥ വന്നാല്‍ നിയന്ത്രണങ്ങളോടെ സുതാര്യമായി ഇത്തരം ഇടപാടുകള്‍ നടക്കും. സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) ആക്ട് (എസ്സിആര്‍എ), സെബി ആക്റ്റ് എന്നിവ ഭേദഗതി നടത്തിയാല്‍ ഡിജിറ്റല്‍ സ്വര്‍ണത്തെയും നിയമ പരിരക്ഷയോടെ സെക്യൂരിറ്റികള്‍ ആയി പരിഗണിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. ഇതിനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.