'നിക്ഷേപകരെ ശാന്തരാകുവിന്‍', അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് ഡ്രീംഫോക്സ് സര്‍വീസസ്

56 ശതമാനം പ്രീമിയത്തിലാണ് ഓഹരികള്‍ എന്‍എസ്ഇയില്‍ വ്യാപാരം ആരംഭിച്ചത്

Update: 2022-09-06 06:00 GMT

Representational Image From Pixabay

ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റത്തില്‍ തന്നെ കിടിലന്‍ നേട്ടം സമ്മാനിച്ച് എയര്‍ര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമായ ഡ്രീംഫോക്സ് സര്‍വീസസ്. ഐപിഒ വിലയായ 308-326 രൂപയില്‍ നിന്ന് 56 ശതമാനം പ്രീമിയത്തില്‍ 508 രൂപ എന്ന നിലയിലാണ് കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയില്‍ സ്റ്റോക്ക് 55 ശതമാനം ഉയര്‍ന്ന് 505 രൂപയിലും ലിസ്റ്റ് ചെയ്തു. തുടര്‍ന്ന് നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ താഴ്ചയിലേക്ക് നീങ്ങിയ ഓഹരി രാവിലെ 10.20ന് 466 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

മൂന്നു ദിവസം നീണ്ടുനിന്ന ഡ്രീംഫോക്‌സ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഒ 56.68 മടങ്ങ് സബ്‌സ്‌ക്രിപ്ഷനായിരുന്നു നേടിയത്. റീട്ടെയില്‍ നിക്ഷേപകര്‍ 43.66 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 37.66 മടങ്ങും ക്വാളിഫൈഡ് സ്ഥാപന നിക്ഷേപകര്‍ 70.53 മടങ്ങുമാണ് സബ്സ്‌ക്രൈബ് ചെയ്തത്.

ഐപിഓയ്ക്ക് മുന്നോടിയായി കമ്പനി ആങ്കര്‍ നിക്ഷേപകരുടെ പക്കല്‍ നിന്നും കമ്പനി 253 കോടി രൂപ ഫണ്ട് സമാഹരിച്ചിരുന്നു. ഓഹരി ഒന്നിന് 326 രൂപ വീതം 7.76 കോടി ഓഹരികള്‍ ആണ് കമ്പനി ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കി വച്ചിരുന്നത്.

മാസ്റ്റര്‍കാര്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ആക്‌സസ് സേവനങ്ങള്‍ നല്‍കിക്കൊണ്ട് 2013-ല്‍ ആണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ വിസ, ഡൈനേഴ്‌സ്/ഡിസ്‌കവര്‍, റുപേ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്കും ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കാര്‍ഡ് വിതരണക്കാര്‍ക്കും ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News