എഥോസ് ഐപിഒ 18ന് തുറക്കും, പ്രൈസ് ബാന്‍ഡ് 1000 രൂപയില്‍ താഴെ

375 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1,108,037 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതാണ് ഐപിഒ

Update: 2022-05-12 05:48 GMT

ആഡംബര, പ്രീമിയം വാച്ച് റീട്ടെയ്‌ലറായ എഥോസിന്റെ (Ethos) പ്രാഥമിക ഓഹരി വില്‍പ്പന മെയ് 18ന് തുറക്കും. ഐപിഒയിലൂടെ 472 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 836-878 രൂപ പ്രൈസ് ബാന്‍ഡാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തെ പ്രാഥമിക ഓഹരി വില്‍പ്പന 20 ന് അവസാനിക്കുമെന്ന് കമ്പനി അറിയിച്ചു.

375 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1,108,037 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതാണ് ഐപിഒ. കമ്പനിയിലെ നിലവിലെ നിക്ഷേപകരായ യശോവര്‍ദ്ധന്‍ സാബു, കെഡിഡിഎല്‍, മഹെന്‍ ഡിസ്ട്രിബ്യൂഷന്‍, സാബൂ വെഞ്ചേഴ്സ് എല്‍എല്‍പി, അനുരാധ സാബു, ജയ് വര്‍ദ്ധന്‍ സാബു, വിബിഎല്‍ ഇന്നൊവേഷന്‍സ്, അനില്‍ ഖന്ന, നാഗരാജന്‍ സുബ്രഹ്മണ്യന്‍, സി. രാജ ശേഖര്‍, കരണ്‍ സിംഗ് ഭണ്ഡാരി, ഹര്‍ഷ് വര്‍ദ്ധന്‍ ഭുവല്‍ക്ക ഭുവല്‍ക്ക, ശാലിനി ഭുവല്‍ക്ക, മഞ്ജു ഭുവല്‍ക്ക എന്നിവരുടെ ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുന്നത്.
ഐപിഒയിലൂടെ ലഭിക്കുന്ന തുക വായ്പാ തിരിച്ചടവ്, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍, പുതിയ സ്റ്റോറുകള്‍ തുറക്കല്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായാണ് വിനിയോഗിക്കുക. ഐപിഒയുടെ 50 ശതമാനം യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കും 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാക്കി 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 17 ഇക്വിറ്റി ഷെയറുകളായും അതിന്റെ ഗുണിതങ്ങളായും ഐപിഒയില്‍ അപേക്ഷിക്കാവുന്നതാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 386.57 കോടി രൂപയായിരുന്നു, അതേ കാലയളവില്‍ അറ്റാദായം 5.78 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം, ലക്ഷ്വറി വാച്ചുകളുടെ പോര്‍ട്ട്ഫോളിയോയാണ് എഥോസിന്റേത്. കൂടാതെ ഒമേഗ, ഐഡബ്ല്യുസി ഷാഫ്ഹൗസെന്‍, ജെയ്ഗര്‍ ലെകൗള്‍ട്രെ, പനേരായ്, എച്ച്. മോസര്‍ & സി, റാഡോ, ലോംഗിനെസ്, ബൗമെ, ഒറിസ്, എസ്എ, ബൗം, ഒറിസ്, മെര്‍സി തുടങ്ങിയ 50 പ്രീമിയം, ലക്ഷ്വറി വാച്ച് ബ്രാന്‍ഡുകള്‍ റീട്ടെയ്ല്‍ ചെയ്യുന്നു. ഇന്ത്യയിലെ 17 നഗരങ്ങളിലായി മള്‍ട്ടി-സ്റ്റോര്‍ ഫോര്‍മാറ്റില്‍ ഇതിന് 50 ഫിസിക്കല്‍ റീട്ടെയില്‍ സ്റ്റോറുകളുണ്ട്.
എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസും ഇന്‍ക്രെഡ് ക്യാപിറ്റല്‍ വെല്‍ത്ത് പോര്‍ട്ട്ഫോളിയോ മാനേജേഴ്‌സുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.


Tags:    

Similar News