ഇപ്പോള്‍ നിക്ഷേപിക്കാം ഗോള്‍ഡ് ബോണ്ടില്‍ വില ഗ്രാമിന് 4639 രൂപ; ഓണ്‍ലൈന്‍ നിക്ഷേപകര്‍ക്ക് ഇളവ്

Update: 2020-04-20 08:43 GMT

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗോള്‍ഡ് ബോണ്ട് വില്‍പ്പനയ്ക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഏപ്രില്‍ 23 ന് വില്‍പ്പന ആദ്യ ഘട്ട വില്‍പ്പന അവസാനിക്കും. ബോണ്ട് സര്‍ട്ടിഫിക്കറ്റ് വിതരണം ഏപ്രില്‍ 28 നാണ്. ഗ്രാമിന് 4,639 രൂപയാണ് ഇഷ്യു വില. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റലായി പണം അടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപയുടെ ഉളവ് സര്‍ക്കാര്‍ ലഭ്യമാക്കും. അത്തരം നിക്ഷേപകര്‍ക്ക് ബോണ്ട് വില ഗ്രാമിന് 4589 രൂപയായിരിക്കും.

വില ഉയരുന്നതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ച് നേട്ടം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ് ഗോള്‍ഡ് ബോണ്ടുകള്‍. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്കാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരുഗ്രാം വാങ്ങണം. ഒരു വര്‍ഷം പരമാവധി നാല് കിലോഗ്രാമില്‍ വരെ നിക്ഷേപിക്കാം.

ഗോള്‍ഡ് ബോണ്ടുകളുടെ സവിശേഷതകള്‍

* 999 ശുദ്ധതയുള്ള സ്വര്‍ണത്തിലാണ് നിക്ഷേപം.

* ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകളായാണ് ഗോള്‍ഡ്് ബോണ്ട് പുറത്തിറക്കുക, മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം.

* 2.5 ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ ലഭിക്കും. ആറു മാസം കൂടുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ വരവ് വയ്ക്കും.

* എട്ട് വര്‍ഷമാണ് കാലാവധി. അഞ്ച് വര്‍ഷത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയുമാകാം.

* ബോണ്ടില്‍ നിന്നുള്ള നേട്ടം കാലാവധിയെത്തുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിലയ്ക്കനുസൃതമായിരിക്കും.

* കാലാവധിക്കു മുന്‍പ് വിറ്റാല്‍ മൂലധന നേട്ട നികുതി ബാധകമാണ്.

* പലിശ വരുമാനത്തിനും നികുതി നല്‍കണം.

* ബാങ്ക് വായ്പയ്ക്ക് ഈടായി നല്‍കാം

ആര്‍ക്കൊക്കെ നിക്ഷേപിക്കാം?

ചെറുകിട നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ വഴിയോ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ വഴിയോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സ്‌റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ എന്നിവ വഴിയും നിക്ഷേപം നടത്താം. വ്യക്തികള്‍, ട്രസ്റ്റുകള്‍, ചാരിറ്റബ്ള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവര്‍ക്കും സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം. വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം നാലു കിലോഗ്രാമിന് തുല്യമായ ബോണ്ടില്‍ നിക്ഷേപം നടത്താം. ട്രസ്റ്റുകള്‍ക്കും മറ്റുമുള്ള പരിധി 20 കിലോഗ്രാമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News