ഇന്ത്യന്‍ ഓഹരികള്‍ വാരിക്കൂട്ടി വിദേശ നിക്ഷേപകര്‍; ഡിസംബറില്‍ വന്‍ തിരിച്ചുവരവ്
കടപ്പത്ര വിപണിയിലേക്കും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാരിക്കൂട്ടി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPI). 2023ല്‍ 1.71 ക്ഷം കോടി രൂപയാണ് അവര്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുക്കിയത്. ഡിസംബറില്‍ മാത്രം 66,134 കോടി രൂപയെത്തി.
2022ല്‍ 1.21 ലക്ഷം കോടി രൂപ പിന്‍വലിച്ച സ്ഥാനത്താണ് 2023ല്‍ 1.71 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമെത്തിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ മികച്ച ജി.ഡി.പി വളര്‍ച്ച, കോര്‍പ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട പ്രവര്‍ത്തനഫലങ്ങള്‍, ഐ.പി.ഒയ്‌ക്കെത്തിയ കമ്പനികളുടെ വര്‍ധന, ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തിയ കമ്പനികള്‍ സമ്മാനിക്കുന്ന മികച്ച നേട്ടം തുടങ്ങി നിരവധി ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് വീണ്ടുമെത്തിച്ചതെന്നാണ് വിലയിരുത്തലുകള്‍.
ഡിസംബറിന്റെ നേട്ടം
ഡിസംബറിലെത്തിയ 66,134 കോടി രൂപ 2023ലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നേട്ടമാണ്. ജൂണിലെ 47,148 കോടി രൂപയായിരുന്നു 2023ലെ അതുവരെയുള്ള ഉയരം.
സെപ്റ്റംബറില്‍ 14,768 കോടി രൂപയും ഒക്ടോബറിൽ 24,548 കോടി രൂപയും ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍, നവംബറില്‍ 9,001 കോടി രൂപ നിക്ഷേപിച്ചാണ് വീണ്ടുമെത്തിയത്.
കടപ്പത്ര വിപണിക്കും കരകയറ്റം
2023ല്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 68,663 കോടി രൂപ ഇന്ത്യന്‍ കടപ്പത്ര വിപണിയിലും (debt markets) നിക്ഷേപിച്ചു. ഇതുംകൂടി പരിഗണിച്ചാല്‍ 2023ല്‍ ഓഹരി-കടപ്പത്ര മൂലധന വിപണിയിലേക്ക് ആകെ എത്തിയ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം 2.4 ലക്ഷം കോടി രൂപയാണ്. ഡിസംബറില്‍ മാത്രം 18,302 കോടി രൂപ കടപ്പത്ര വിപണി വിദേശ നിക്ഷേപമായി നേടി.
2022ല്‍ 15,910 കോടി രൂപ കടപ്പത്ര വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് വിദേശ നിക്ഷേപകര്‍ ചെയ്തിരുന്നത്. 2021ല്‍ 10,359 കോടി രൂപയും കൊവിഡ് താണ്ഡവമാടിയ 2020ല്‍ 1.05 ലക്ഷം കോടി രൂപയും അവര്‍ പിന്‍വലിച്ചിരുന്നു.