അമിത് ഷായ്ക്ക് ഓഹരിനിക്ഷേപം എം.ആര്‍.എഫ് ഉള്‍പ്പെടെ 180 കമ്പനികളില്‍; ഭാര്യക്ക് കൂടുതലിഷ്ടം കനറാ ബാങ്ക് ഓഹരികള്‍

ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയുടെയും ഭാര്യയുടെയും ഓഹരി നിക്ഷേപം ഇങ്ങനെ

Update:2024-04-22 14:45 IST

Image : BJP Website and Canva

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂരത്തിന് രാജ്യത്ത് കൊടിയേറിക്കഴിഞ്ഞു. ആദ്യഘട്ട പോളിംഗില്‍ 21 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിധിയും കുറിച്ചു. തിരഞ്ഞെടുപ്പില്‍ പോരാടുന്ന പ്രമുഖരുടെ ഓഹരി നിക്ഷേപ വിവരങ്ങളാണ് ഇത്തവണ ശ്രദ്ധ നേടുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യുടെയും പ്രധാനമുഖമായ രാഹുല്‍ ഗാന്ധിക്ക് 4.3 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപവും 3.81 കോടി രൂപയുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപവുമുണ്ടെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂല്യത്തില്‍ വ്യക്തമാക്കിയിരുന്നു (
click here to read more
).
തിരുവനന്തപുരം എം.പിയും നിലവിലെ സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിന് കൂടുതലിഷ്ടം വിദേശ ഓഹരികളോടാണ്. 9.33 കോടി രൂപ വിദേശ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം 1.72 കോടി രൂപ (click here to read more).
അമിത് ഷായുടെയും ഭാര്യയുടെയും ഓഹരികള്‍
ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായ അമിത് ഷാ ഇക്കുറിയും ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് ജനവിധി തേടുന്നത്. 180 ലിസ്റ്റഡ് കമ്പനികളില്‍ അദ്ദേഹത്തിന് ഓഹരി നിക്ഷേപമുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു. 

അമിത് ഷായ്ക്കും ഭാര്യയ്ക്കും ചേര്‍ന്ന് മൊത്തം 65.67 കോടി രൂപയുടെ ആസ്തിയാണുള്ളത്.

മൊത്തം 17.4 കോടി രൂപയാണ് അദ്ദേഹം ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 5.4 കോടി രൂപയും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (1.4 കോടി രൂപ), എം.ആര്‍.എഫ് (1.3 കോടി രൂപ), കോള്‍ഗേറ്റ്-പാമോലീവ് (1.1 കോടി രൂപ), പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹൈജീന്‍ (0.96 കോടി രൂപ), എ.ബി.ബി ഇന്ത്യ (0.7 കോടി രൂപ) എന്നിവയിലാണ്. ഏപ്രില്‍ 15 വരെയുള്ള നിക്ഷേപത്തിന്റെ കണക്കാണിത്.

ഐ.ടി.സി., ഇന്‍ഫോസിസ്, വി.ഐ.പി ഇന്‍ഡസ്ട്രീസ്, ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍, കമിന്‍സ് ഇന്ത്യ, കന്‍സായി നെറോലാക് പെയിന്റ്‌സ് എന്നിവയാണ് അദ്ദേഹത്തിന് നിക്ഷേപമുള്ള മറ്റ് പ്രമുഖ കമ്പനികള്‍. 0.4 കോടി മുതല്‍ 0.7 കോടി രൂപവരെയാണ് ഇവയിലെ നിക്ഷേപം. ലിസ്റ്റഡ് അല്ലാത്ത ചില കമ്പനികളിലായി മൂന്നുലക്ഷം രൂപയും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.
80 കമ്പനികളിലായി 20 കോടി രൂപയാണ് അമിത് ഷായുടെ പത്‌നി സോനാല്‍ അമിത് ഭായ് ഷായ്ക്ക് നിക്ഷേപം. കനറാ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ (3 കോടി രൂപ). സണ്‍ ഫാര്‍മ (ഒരു കോടി രൂപ), കരൂര്‍ വൈശ്യ ബാങ്ക് (1.9 കോടി രൂപ), ഭാരതി എയര്‍ടെല്‍ (1.3 കോടി രൂപ), ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ് (1.8 കോടി രൂപ), ലക്ഷ്മി മെഷീന്‍ വര്‍ക്‌സ് (1.8 കോടി രൂപ) എന്നിങ്ങനെ മറ്റ് പ്രമുഖ ഓഹരികളിലെ നിക്ഷേപം. ലിസ്റ്റഡ് അല്ലാത്ത കമ്പനികളില്‍ 83,845 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട് സോനാല്‍.
ഹിന്ദുസ്ഥാന്‍ യൂണിലിവറും റിലയന്‍സും
തനിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ എട്ടുലക്ഷം രൂപ മതിക്കുന്ന 2,450 ഓഹരികളുണ്ടെന്ന് 2019ലെ തിരഞ്ഞെടുപ്പ് വേളയില്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. 2024ലെ സത്യവാങ്മൂലത്തില്‍ പക്ഷേ, റിലയൻസിന് ഇടമില്ല. അദ്ദേഹം ഓഹരികള്‍ വിറ്റൊഴിഞ്ഞുവെന്ന് കരുതാം. അതേസമയം, ഭാര്യ സോനാലിന് നിലവില്‍ 3.4 ലക്ഷം രൂപയുടെ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിലുണ്ട് (117 ഓഹരികള്‍).
2019ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 84 ലക്ഷം രൂപ മതിക്കുന്ന 5,000 ഓഹരികള്‍ അമിത് ഷായുടെ പക്കലുണ്ടായിരുന്നു. ഇതാണ് 2024ഓടെ അദ്ദേഹം 1.4 കോടി രൂപ മതിക്കുന്ന 6,176 ഓഹരികളാക്കി ഉയര്‍ത്തിയത്.
Tags:    

Similar News