കഴിഞ്ഞ മാസങ്ങളിലെ വിലയിടിവിന് ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുതിച്ചു

പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച് 37280 രൂപയായി. ഡിസംബര്‍ മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Update: 2020-12-08 11:10 GMT

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 36720 രൂപയായിരുന്ന സ്വര്‍ണം ഇന്ന് 560 രൂപ വര്‍ധിച്ച് 37,280 രൂപയ്ക്കാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ വില. ഡിസംബറിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

പവന് 35920 ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ ഇന്നും മെച്ചപ്പെട്ട വില്‍പ്പനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പ്രമുഖ ജൂവല്‍റികളുടെ സെയ്ല്‍സ് വിഭാഗങ്ങള്‍ പറയുന്നു. വാക്‌സിന്‍ എത്തുമെന്ന പ്രതീക്ഷ കച്ചവടത്തില്‍ ഉണര്‍വിന് കാരണമായതായാണ് ഇവര്‍ കണക്കാക്കുന്നത്.

ഇന്ത്യന്‍ വിപണിയിലും ഇന്ന് സ്വര്‍ണ വില മുകളിലേക്ക്. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 0.2 ശതമാനം ഉയര്‍ന്ന് 50,064 രൂപയിലെത്തി. എന്നാല്‍ വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. 0.2 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 65,370 രൂപയിലെത്തി. ഇക്കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1.5% അഥവാ 750 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി വിലയും കിലോഗ്രാമിന് 2.5% അഥവാ 1,600 ഉയര്‍ന്നിരുന്നു.

കഴിഞ്ഞ സെഷനില്‍ മുന്നേറിയ അന്താരാഷ്ട്ര വിപണികളില്‍ ഇന്ന് സ്വര്‍ണ്ണ നിരക്ക് കാര്യമായി മാറ്റം പ്രകടമാക്കിയില്ല. കഴിഞ്ഞ സെഷനില്‍ 1.7 ശതമാനം കുതിച്ചുയര്‍ന്നതിനുശേഷം സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1,863.30 ഡോളര്‍ എന്ന നിലയില്‍ ചെറിയ മാറ്റം രേഖപ്പെടുത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 24.51 ഡോളറിലും പല്ലേഡിയം വില 2,330.71 ഡോളറിലും എത്തി.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ തിങ്കളാഴ്ച 0.18 ശതമാനം ഇടിഞ്ഞ് 1,179.78 ടണ്ണായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ്ണ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഒരു സുപ്രധാന ഘടകം വാക്‌സിന്‍ രംഗത്തെ പുരോഗതിയാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News