കേരളത്തില്‍ ഇന്ന് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില

ഇന്നലെ നിശ്ചലമായി നിന്ന നിരക്ക് ഇന്ന് 320 രൂപ വര്‍ധിച്ച് പവന് 36960 രൂപയായി. മറ്റ് വിപണികളില്‍ എങ്ങനെ. അറിയാം.

Update:2020-12-16 14:13 IST

സംസ്ഥാനത്ത് ബുധനാഴ്ച പവന് ഒറ്റയടിക്ക് 320 രൂപ വര്‍ധിച്ച് 36960 രൂപയായി. ഒരു ഗ്രാമിന് 4620 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 36640 രൂപയായിരുന്നു. ഇന്നലെയും അതേ നിലയില്‍ തന്നെ നിന്ന നിരക്ക് ഇന്ന് ഉയരുകയായിരുന്നു.

37280 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഡിസംബര്‍ എട്ടിനായിരുന്നു അത്. ഡിസംബര്‍ രണ്ടിന് രേഖപ്പെടുത്തിയ 35,776 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില.
ദേശീയ വിപണികളിലും ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 0.26 ശതമാനം ഉയര്‍ന്ന് 49,571 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 530 രൂപ അല്ലെങ്കില്‍ 1.1 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി 2 ശതമാനം ഉയര്‍ന്നു.
അതേസമയം ആഗോളവിപണികളില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 1,852.01 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ 1.4 ശതമാനം ഉയര്‍ന്നിരുന്നു. വെള്ളി വില ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 24.46 ഡോളറിലെത്തി.




Tags:    

Similar News