പത്തുമാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ നിന്നും സ്വര്‍ണം മേലേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്.
സംസ്ഥാനത്ത് കഴിഞ്ഞ പത്തുമാസത്തെ ഏറ്റവും വിലക്കുറവിലേക്കെത്തിയ സ്വര്‍ണം വീണ്ടും വില വര്‍ധനവിലേക്ക്. ഇന്ന് മാത്രം പവന് 240 രൂപയാണ് ഉയര്‍ന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വില ഉയരുമോ എന്നത് പ്രവചനാതീതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ സ്വര്‍ണവില പവന് 33,600 രൂപയായി. ഒരു ഗ്രാമിന് 4,200 രൂപയാണ് വില. ഞായറാഴ്ച്ച 33,360 രൂപയായിരുന്നു പവന് വില.
മാര്‍ച്ച് അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും വിലക്കുറവില്‍ സ്വര്‍ണമെത്തിയത്. 33,160 രൂപയായിരുന്നു അത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി സ്വര്‍ണവിലയില്‍ പവന് മൂവായിരത്തോളം രൂപയുടെ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായത്. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് പവന് 840 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന് സംഭവിച്ചത്.
ഫെബ്രുവരിയില്‍ സ്വര്‍ണം 36,800 രൂപ വരെ ഉയര്‍ന്നിരുന്നു. 34,160 രൂപയുമായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66.50 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 532 രൂപ. ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണവില താഴുകയും വെള്ളി വില ഉയരുകയുമാണുണ്ടായത്.
ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഇടിവ് രേഖപ്പെടുത്തി. 0.07 ശതമാനമാണ് ഇടിവ്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാരയിടമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 44,653 രൂപ വിലയായി. ഇതേസമയം, വെള്ളിയുടെ കിലോ നിരക്ക് 1.3 ശതമാനം വര്‍ധനവോടെ 66,465 രൂപയിലെത്തി.
രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണം നേരിയ ഉണര്‍വ് കാണാം. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ 9 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണവില കൂപ്പുകുത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച 0.5 ശതമാനം വര്‍ധനവോടെ 1,708.51 ഡോളറിലേക്ക് സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്കെത്തുകയായിരുന്നു.