സ്വര്‍ണം വീണ്ടും തകര്‍ച്ചയില്‍, കേരളത്തില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്

Update: 2022-09-14 06:19 GMT

Photo : Canva

വിശ്രമത്തിന് ശേഷം വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില. സംസ്ഥാനത്ത് തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലഇന്ന് ഒരു പവന്‍ 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില (Today's Gold Rate) 37120രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സെപ്റ്റംബര്‍ ആദ്യവാരം രണ്ടാം തീയതിയും ഈ നിരക്കിലാണ് സ്വര്‍ണവില്‍പ്പന നടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കുറവുണ്ടായി. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാല് ദിവസമായി സ്വര്‍ണവില മാറിയിരുന്നില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4640 രൂപയാണ് വില.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് ഇടിവുണ്ടായി. 30 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3835 രൂപയാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയര്‍ന്നിരുന്നു.
ആഗോളവിപണിയിലും സ്വര്‍ണം വീണ്ടും തകര്‍ച്ചയിലാണ്. 1733 ഡോളറിലായിരുന്ന സ്വര്‍ണം യുഎസിലെ ചില്ലറ വിലക്കയറ്റം ഉയര്‍ന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു കുത്തനേ ഇടിയുകയായിരുന്നു. 1696 ഡോളര്‍ വരെ താഴ്ന്നിട്ട് 1706 ല്‍ ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 1698- 1700 ഡോളറിലായി വ്യാപാരം.
ഈ ദിവസങ്ങളില്‍ ഡോളര്‍ താഴ്ന്നതും സ്വര്‍ണത്തിന്റെ രാജ്യാന്തരവില ചെറിയ മേഖലയില്‍ കറങ്ങിയതുമാണു കാരണം. ഇന്നു വിലയില്‍ മാറ്റം പ്രതീക്ഷിക്കാം. ഡോളര്‍ കയറുന്നതിനാല്‍ വിദേശത്തെ തോതില്‍ ഇവിടെ സ്വര്‍ണവില കുറയാനിടയില്ല.
ഡോളര്‍ സൂചിക ഇന്നലെ 107.68 വരെ താഴ്ന്നതും വിദേശ നിക്ഷേപകര്‍ രാജ്യത്തു പണം നിക്ഷേപിക്കുന്നതും രൂപയെ ബലപ്പെടുത്തി. ഡോളര്‍ ഇന്നലെ 79.03 രൂപ വരെ താഴ്ന്നിട്ട് 79.14 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു ഡോളര്‍ സൂചിക ഗണ്യമായി ഉയര്‍ന്നിട്ടുള്ളതു രൂപയ്ക്കു ക്ഷീണമാകാനാണു സാധ്യത. രാവിലെ 110 വരെ കയറിയ സൂചിക പിന്നീടു 109.82 ആയി.


Tags:    

Similar News